പുൽപ്പള്ളി: പുൽപ്പള്ളി മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. കൃഷിയിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. വൈദ്യുതിപോസ്റ്റുകൾ ശക്തമായ കാറ്റിൽ നിലംപൊത്തി.

മുള്ളൻകൊല്ലി പഞ്ചായത്തിലെ ആലത്തൂർ, സുരഭിക്കവല, മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തിലെ താന്നിത്തെരുവ്, ഏരിയപ്പള്ളി എന്നിവിടങ്ങളിലാണ് നാശമേറെയും.
നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതിപോസ്റ്റുകൾക്ക്‌മേൽ വീണ മരം മുറിച്ചുനീക്കാത്തതിനാൽ പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

ഏരിയപ്പള്ളി ഞാമക്കാട്ട് രാധാകൃഷ്ണന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും കാറ്റിൽ തകർന്നു. പാലറക്കൽ ബിജുവിന്റെ കോഴി ഫാം പൂർണ്ണമായും നശിച്ചുപോയി. ആയിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു.

താന്നിത്തെരുവ് കാഞ്ഞിരത്തിനാൽ പോളിന്റെ കൃഷിയിടത്തിലെ വാഴ, കവുങ്ങ്, തെങ്ങ് എന്നിവ കാറ്റിൽ നിലംപൊത്തി. പ്രദേശത്തെ ജോഗിമൂല ഗോപിയുടെ കുലച്ച ആയിരത്തോളം വാഴകൾ നിലംപൊത്തി. തെക്കേമറ്റം മത്തായിയുടെ കൃഷിയിടത്തിലെ കുലച്ച ആയിരത്തോളം വാഴകളും കാറ്റിൽ നിലംപൊത്തി. തലമുടിത്തറയിൽ ഷാജി,കോട്ടുപള്ളി കുര്യൻ, നിരപ്പേൽ ബിജു, തെക്കേമറ്റം ചാക്കോച്ചൻ, ഉണ്ണിപ്പിള്ളി മാത്യു എന്നിവരുടെ കൃഷിയിടങ്ങളിലും വൻ കൃഷിനാശമാണ് ഉണ്ടായത്. പുൽപ്പളളി ടൗണിനടുത്തെ കൃഷ്ണക്കുറുപ്പിന്റെ 300-ഓളം വാഴകളും കാറ്റിൽ നിലംപൊത്തി. ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് മഴയോടൊപ്പം ശക്തമായ കാറ്റും വീശിയത്. കൃഷിനാശമുണ്ടായ സ്ഥലങ്ങൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.


(ഫോട്ടൊ- ഏരിയപ്പള്ളി ഞാമക്കാട്ട് രാധാകൃഷ്ണന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നനിലയിൽ.
ഫോട്ടൊ- കാറ്റിൽ നശിച്ച പുൽപ്പള്ളി തെക്കേമറ്റം ബിജുവിന്റെ വാഴത്തോട്ടം )