ചികിത്സയിലുള്ള രോഗികൾ 13 പേർ
കോഴിക്കോട്: തുടർച്ചയായി ഇന്നലെയും ജില്ലയിൽ രണ്ടു പേർക്ക് കൊവിഡ് ബാധ കണ്ടെത്തിയതോടെ ആശങ്കയ്ക്ക് ആക്കം കൂടി. മേയ് 14 ന് രോഗം സ്ഥിരീകരിച്ച ഗർഭിണിയായ നരിപ്പറ്റ സ്വദേശിനിയുടെ രണ്ടു വയസ്സുള്ള ആൺകുട്ടിയ്ക്കും മേയ് 16 ന് അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ കാവിലുംപാറ തോട്ടിൽപാലം സ്വദേശിയായ 37-കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35 ആയി ഉയർന്നു. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 13 രോഗികളിൽ 11 പേരും
കോഴിക്കോട്ടുകാരാണ്. മറ്റു രണ്ടു പേർ മലപ്പുറം, കാസർകോട് സ്വദേശികളാണ്.
മേയ് 8 ന് പുലർച്ചെ 2 മണിയോടെ ദുബായ് - കോഴിക്കോട് വിമാനത്തിൽ മാതാവിനൊപ്പം കരിപ്പൂരിൽ ഇറങ്ങിയതായിരുന്നു രണ്ടു വയസ്സുകാരൻ. സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തിയ ശേഷം നിരീക്ഷണത്തിലായിരുന്നു. പ്രവാസിയായ യുവാവിനെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. സ്രവപരിശോധനയിൽ ഇന്നലെയാണ് ഇരുവർക്കും വൈറസ് ബാധ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ് ഇപ്പോൾ.
പുതുതായി വന്ന 377 പേർ ഉൾപ്പെടെ 5,783 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ടെന്ന് ഡി.എം.ഒ ഡോ.വി ജയശ്രീ അറിയിച്ചു. ഇതുവരെ 23,678 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെയെത്തിയ ഒൻപത് പേർ ഉൾപ്പെടെ 33 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഒൻപത് പേർ ആശുപത്രി വിട്ടു. 24 പേർ പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടവരാണ്.
ഇന്നലെ 80 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 2,887 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 2,788 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതിൽ 2,745 എണ്ണവും നെഗറ്റീവാണ്. 99 പേരുടെ ഫലം ലഭിക്കാനുണ്ട്.
നിരീക്ഷണത്തിലുള്ള
പ്രവാസികൾ 488
ജില്ലയിൽ ഇന്നലെ എത്തിയ 44 പേർ ഉൾപ്പെടെ ആകെ 488 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 201 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലാണ്. 287 പേർ വീടുകളിലും. ഇവരിൽ 69 പേർ ഗർഭിണികളാണ്. 15 പേർ ആശുപത്രിയിലുണ്ട്.
നിരീക്ഷണം പൂർത്തിയാക്കിയവർ 23,678
ഇപ്പോൾ നിരീക്ഷണത്തിലുള്ളവർ 5,783