കൽപ്പറ്റ: ഇന്നലെ ജില്ലയിൽ പുതിയ കൊവിഡ് പൊസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 17 പേരും, പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയ 7 പേരും ഉൾപ്പെടെ 30 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പുതുതായി180 ആളുകൾ നിരീക്ഷണത്തിൽ ആയി. 169 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ 2054 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1237 ആളുകളുടെ സാമ്പിളുകളിൽ 869 പേരുടെ ഫലം ലഭിച്ചതിൽ 846 നെഗറ്റീവും 23 ആളുകളുടെ സാമ്പിൾ പൊസിറ്റീവുമാണ്. ഇന്നലെ അയച്ച 86 സാമ്പിളുകളുടെ പരിശോധനാ ഫലം ഉൾപ്പെടെ 363 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്.
ഇന്നലെ അയച്ച 86 സാമ്പിളുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 33 പേരുടെയും, 3 ആരോഗ്യ പ്രവർത്തകരുടെയും, 12 പോലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകൾ ഉൾപ്പെടുന്നു.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 1347 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതിൽ 1116 ഫലം ലഭിച്ചതിൽ എല്ലാം നെഗറ്റീവാണ്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി അയച്ച 7 സാമ്പിളുകളിൽ 6 പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകൾ ഉൾപ്പെടുന്നു. ഇതുൾപ്പെടെ 231 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
സംസ്ഥാനത്തിന്റെ പുറത്തു നിന്നു വന്ന ആളുകളിൽ രോഗം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി 30 ആളുകളുടെ സാമ്പിളുകൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.
വളണ്ടിയർമാരെ നിയോഗിച്ചു
സാമൂഹ്യ വ്യാപനം തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുണ്ടറ, സർവാണി, കൊല്ലി, റസ്സൽകുന്ന് കോളനികളിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാരായ ചെറുപ്പക്കാരായ ആളുകൾക്ക് പരിശീലനം നൽകി 10 വീടുകൾക്ക് ഒരാൾ എന്ന തോതിൽ വളണ്ടിയർമാരെ ഫീവർ സർവ്വേ നടത്തുന്നതിനായും, പ്രതിരോധ ബോധവൽക്കരണം നൽകുന്നതിനായും നിയോഗിച്ചു. ആദിവാസി ഊരുകളിൽ മാസ്‌കും ഹാൻഡ് വാഷും വിതരണം ചെയ്യുകയും, ഊരുകളിലെ ഗർഭിണികളുടെ ആരോഗ്യസ്ഥിതി ആരോഗ്യപ്രവർത്തകർ വിലയിരുത്തി ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കിയിട്ടുമുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2313 വാഹനങ്ങളിലായി എത്തിയ 3882 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
ഇന്നലെ 115 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്, ഇവയെല്ലാം പൊതുജനങ്ങളിൽ നിന്നായിരുന്നു. പാസ്സിന്റെ ലഭ്യത, കേരളത്തിലേക്കുള്ള വാഹന സർവീസുകളെ കുറിച്ചും, നിരീക്ഷണകാലാവധി മാനദണ്ഡങ്ങൾ തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനുമായിരുന്നു കൂടുതൽ വിളികളും.
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷണത്തിലുള്ള 1200 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 102 പേർക്ക് കൗൺസലിംഗ് നൽകി.
നൂൽപ്പുഴ എഫ് എച്ച് സി. യിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്നലെ വരെ 120 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. ഈ സേവനം 7994513331 നമ്പറിൽ വിളിച്ചു പ്രയോജനപ്പെടുത്താവുന്നതാണ് .
കേരളത്തിന് പുറത്തു നിന്ന് ജില്ലയിലേക്ക് എത്തിയവർ തൊട്ടടുത്ത സർക്കാർ ആശുപത്രി / ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കൺട്രോൾ റൂമിലേക്കോ ഉടൻ തന്നെ ഫോൺ വഴി അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതാണ്.