lockel-must

ഫറോക്ക്​: ​സി​.​പി​.​എമ്മി​ന്റെ ​ആഭിമുഖ്യത്തിൽ ബേപ്പൂർ നിയോജക മണ്ഡലത്തിലെ 250 ഏക്കറിൽ കൃഷിയിറക്കും. ഫറോക്ക് ഏരിയാതല നടീൽ ചെറുവണ്ണൂരിൽ ഏരിയ കമ്മിറ്റി ഓഫീസായ എം. വാസു സ്മാരക മന്ദിരത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ വി.കെ.സി. മമ്മത് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സി​.​പി.എം ഏരിയ സെക്രട്ടറി എം. ഗിരീഷ്, ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ. കമറുലൈല, കോർപറേഷൻ വികസന സ്ഥിരം സമിതി അ​ദ്ധ്യക്ഷൻ പി.സി​. ​രാജൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാർ, കടലുണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആർ. മധുസൂദനൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം. ഗോപാലകൃഷ്ണൻ എന്നിവരും കൃഷിയിടത്തിൽ പൂളക്കമ്പ് നട്ടു.

ഏരിയയിലെ എല്ലാ തരിശുനിലങ്ങളും പ്രയോജനപ്പെടുത്തി പ്രാദേശിക കാർഷിക കൂട്ടായ്മകൾ രൂപീകരിച്ചുള്ള പദ്ധതിയിൽ നിയോജമണ്ഡലത്തിലെ പ്രധാന സഹകരണ ബാങ്കുകളും പങ്കാളികളാകും. തദ്ദേശ സ്ഥാപനങ്ങൾ, കൃഷി വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് കൃഷി വ്യാപനം നടപ്പാക്കുന്നത്.