കോഴിക്കോട്: ജില്ലയിൽ ഇന്നലെ രണ്ടിടത്ത് എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പിന് തുടക്കമിട്ടപ്പോൾ എത്തിയത് പകുതിയിൽ താഴെ അദ്ധ്യാപകർ മാത്രം. ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് എച്ച്.എസ്.എസ്, കൊയിലാണ്ടി ഗവ. ബോയ്‌സ് വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മൂല്യനിർണയ ക്യാമ്പുകൾ. പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പിന്റെ പ്രവർത്തനം. മാസ്ക് ധരിച്ച്, ഒരു ബെഞ്ചിൽ ഒരാൾ എന്ന രീതിയിലാണ് മൂല്യനിർണയം.
മലയാളം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുന്ന ഗണപത് ബോയ്‌സ് സ്‌കൂളിൽ 16 ചീഫ് എക്‌സാമിനർമാർ എത്തേണ്ടിടത്ത് രാവിലെ ആകെ വന്നത് അഞ്ചു പേർ മാത്രം. ഉച്ചയോടെ മൂന്നു പേർ കൂടി എത്തി. എട്ടു ചീഫ് എക്‌സാമിനർമാരും 74 അസിസ്റ്റന്റ് എക്‌സാമിനർമാരുമടക്കം 82 പേരാണ് ആകെ എത്തിയത്. ഒരു റൂമിൽ ഒരു ചീഫ് എക്‌സാമിനറും പത്ത് അസിസ്റ്റന്റ് എക്‌സാമിനർമാരുമാണുള്ളത്.
കൊയിലാണ്ടി ഗവ. ബോയ്‌സ് വി.എച്ച്.എസ്.എസിൽ ഇംഗ്ലീഷ്, സ്‌പെഷ്യൽ ഇംഗ്ലീഷ്, അഡീഷണൽ ഇംഗ്ലീഷ് എന്നിവയുടെ മൂല്യനിർണയമാണ്. ഇവിടെയും പകുതിയിൽ താഴെ അദ്ധ്യാപകരേ എത്തിയിരുന്നുള്ളൂ. 157 പേർ എത്തേണ്ടിയിരുന്ന ക്യാമ്പിൽ ചീഫ് എക്‌സാമിനർമാരും അസിസ്റ്റന്റ് എക്‌സാമിനർമാരുമടക്കം 63 പേരാണ് വന്നത്.
ജില്ലയ്‌ക്കു പുറത്തു നിന്നെത്തിയത് വയനാട്ടിൽ നിന്നുള്ള രണ്ടു പേർ മാത്രം. മലപ്പുറം ജില്ലയിൽ ജോലിയുള്ള രണ്ടു കോഴിക്കോട് സ്വദേശികളും ക്യാമ്പിലെത്തി. ഇവരുടെ ഡ്യൂട്ടി വേറെ ജില്ലയിലാണെങ്കിലും അടുത്ത ക്യാമ്പിലെത്താമെന്ന് നിർദ്ദേശിച്ചിരുന്നു.
കാസർകോട്, കണ്ണൂർ ജില്ലക്കാർക്കും ഇവിടെ ഡ്യൂട്ടിയുണ്ടായിരുന്നു. എന്നാൽ പൊതുഗതാഗത സൗകര്യം ഇല്ലെന്നിരിക്കെ എത്താൻ നിർവാഹമില്ലെന്ന് ഇവർ ക്യാമ്പിന്റെ ചുമതലയുള്ളവരെ നേരത്തെ അറിയിച്ചിരുന്നു.