kovid
കാൽനടയായി ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പുറപ്പെട്ട ആളെ ​ഇരിങ്ങൽ മൂരാടു വച്ച് തെർമൽ പരിശോധന നടത്തുന്നു.

പയ്യോളി: ചെന്നൈയിൽ നിന്ന് കാൽനടയായി മംഗലാപുരത്തേക്ക് തിരിച്ച തമിഴ്നാട് സ്വദേശി പരിഭ്രാന്തി പരത്തി. ഇയാളെ പിന്നീട് കൊവിഡ് പരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മൂരാട് ഓയിൽ മിൽ ബസ് സ്റ്റോപ്പിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി മനോഹരൻ (50) നാട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. നാട്ടുകാർ വിവരം തിരക്കിയപ്പോഴാണ് ചെന്നൈയിൽ നിന്ന് കാൽനടയായി വന്നതാണെന്ന് മനസിലായത്. തുടർന്ന് അവർ ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും വിവരമറിയിച്ചു.

ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ 10 ദിവസം മുമ്പ് തമിഴ്നാട്ടിൽ നിന്ന് പുറപ്പെട്ടതാണെന്ന് മനോഹരൻ പറഞ്ഞു. മംഗലാപുരത്തെ ഉള്ളാളിൽ മത്സ്യബന്ധനത്തിന് പോവുകയാണെന്നും അറിയിച്ചു. ഒപ്പമുണ്ടായിരുന്നവർ യാത്രയിലാണെന്നും ഇയാൾ പറഞ്ഞു.

ഇയാളുടെ കൈയിൽ യാതൊരു യാത്രാരേഖയും ഉണ്ടായിരുന്നില്ല. തുടർന്ന് തെർമൽ പരിശോധനയ്ക്ക് ശേഷം ഇയാളെ കൊവിഡ് പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. മുനിസിപ്പൽ ചെയർപെഴ്സൺ വി.ടി. ഉഷ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജീഷ്, ​കൗൺസിലർമാരായ കെ.എം. രാമകൃഷ്ണൻ, ഉഷ കെ., വത്സല, എന്നിവർ സ്ഥലത്തെത്തി. നാട്ടുകൂട്ടം മാനവസേവ പ്രവർത്തകർ എം.കെ.ബാബുവും വിജയനും ചേർന്ന് മനോഹരന് ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിച്ചു.