photo

ബാലുശ്ശേരി: പൊട്ടക്കിണറ്റിൽ വീണ ആടിനെ രക്ഷിച്ച ട്രൈബൽ പ്രൊമോട്ടറായ യുവതി നാട്ടിലെ മിന്നും താരമാകുന്നു. പനങ്ങാട്, കൂരിക്കുന്ന് എസ്.ടി കോളനിയിലെ പ്രൊമോട്ടറായ വി. ശ്രീനയാണ് ഏതു നിമിഷവും ഇടിയാവുന്ന പൊട്ടക്കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ചത്.

ശ്രീനയും പനങ്ങാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ എൻ.വി. വിലാസിനിയും ശനിയാഴ്‌ച ഉച്ചയോടെയാണ് ലോക് ഡൗൺ കാരണം പ്രതിസന്ധിയിലായ കുടുംബങ്ങളെ തേടി കോളനിയിലെത്തിയത്. സന്ദർശനം കഴിഞ്ഞ് വൈകിട്ട് മടങ്ങുമ്പോഴാണ് കോളനി നിവാസിയായ രാമന്റെ പേരക്കിടാവ് ഓടിയെത്തി ആട് കിണറ്റിൽ വീണ വിവരം അറിയിച്ചത്. തുടർന്ന് ശ്രീനയും വിലാസിനിയും എത്തിയപ്പോൾ രാമൻ നിസഹായനായി കിണറ്റിന്റെ കരയിൽ നിൽക്കുകയായിരുന്നു.

വെള്ളമില്ലാത്തതെ മാലിന്യം മൂടി കിടന്നിരുന്ന കിണറ്റിൽ കയറും ഏണിയുമായി ഇറങ്ങിയ ശ്രീന ആടിനെ കരയ്‌ക്കെടുത്തു. കിണറ്റിലിറങ്ങുമ്പോൾ തന്റെ ജീവന്റെ കാര്യം ചിന്തിച്ചില്ലെന്നാണ് ശ്രീന പറയുന്നത്. സംസ്ഥാന യുവജന കായിക മത്സരത്തിൽ ഓട്ട മത്സരങ്ങളിലെ സ്ഥിരം പ്രതിഭയായ ശ്രീന പഞ്ചായത്തിലെ പ്രധാന ആദിവാസി കേന്ദ്രമായ വയലട കോട്ടക്കുന്നിലടക്കം തലച്ചുമടായി ഭക്ഷണ സാധനങ്ങളെത്തിക്കുന്നുണ്ട്.