കൽപ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 196 പേർ കൂടി നിരീക്ഷണത്തിൽ. നിലവിൽ 1930 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ച 17 പേർ ഉൾപ്പെടെ 33 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 153 പേർക്ക് കൗൺസലിംഗ് നൽകി. ചൊവ്വാഴ്ച്ച 314 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1322 സാമ്പിളുകളിൽ 939 ആളുകളുടെ ഫലം ലഭിച്ചു. 916 എണ്ണം നെഗറ്റീവാണ്. 378 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ നിന്ന് ചൊവ്വാഴ്ച്ച 85 സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇതിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 36 പേരുടെയും 11 ആരോഗ്യ പ്രവർത്തകരുടെയും, 14 പൊലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകൾ ഉൾപ്പെടുന്നു.
സാമൂഹ്യ വ്യാപന സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ഇതുവരെ 1423 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 1225 ഉം നെഗറ്റീവാണ്. ചൊവ്വാഴ്ച്ച അയച്ച 76 സാമ്പിളുകളിൽ 5 ആരോഗ്യ പ്രവർത്തകരുടെയും 19 പൊലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകൾ ഉൾപ്പെടുന്നു. 231 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2749 വാഹനങ്ങളിലായി എത്തിയ 4873 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
കണ്ടൈൻമെന്റ് സോണിൽ നിന്ന്
യാത്ര അനുവദിക്കില്ല
കൽപ്പറ്റ: കണ്ടയിൻമെന്റ് സോണുകളിൽ നിന്ന് പുറത്തേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഇത്തരം യാത്ര നടത്തുന്നവർ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം, സ്ഥാപന ക്വാറന്റയിനിൽ കഴിയണം. മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികൾക്കുള്ള യാത്രകൾ നടത്തുന്ന സർക്കാർ ജീവനക്കാർ, സന്നദ്ധ സേവകർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമല്ല.
ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ
മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട് കോളനി, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10, 11, 13, 14, 15, 16, 17, 18 വാർഡുകളും തച്ചമ്പത്ത് കോളനിയും തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡ്, നെൻമേനി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാർഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.
മുത്തങ്ങ വഴി എത്തിയത് 8095 പേർ
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ചെവ്വാഴ്ച്ച മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി 269 പേർ കൂടി ജില്ലയിലേക്ക് പ്രവേശിച്ചു. മുത്തങ്ങ ബോർഡർ ഫെസിലിറ്റേഷൻ സെന്ററിൽ 189 പേരും കലൂർ ഫെസിലിറ്റേഷൻ സെന്ററിൽ 80 പേരുമാണെത്തിയത്. ഇവരിൽ 17 പേരെ സ്ഥാപന ക്വാറന്റൈനിൽ ആക്കി. ആകെ 8095 പേരാണ് ഇതുവരെയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ചത്.
43 പട്ടിക വർഗ്ഗക്കാർ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ: കൊവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കിയ പട്ടികവർഗ്ഗക്കാരുടെ എണ്ണം 726 ആയി. ചൊവ്വാഴ്ച 43 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. വീടുകളിൽ 487 പേരും സ്ഥാപന ക്വാറന്റൈൻ കേന്ദ്രത്തിൽ 239 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
മൂന്ന് പ്രവാസികൾ കൂടി ജില്ലയിലെത്തി
കൽപ്പറ്റ: വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തിയ പ്രവാസികളിൽ മൂന്ന് പേർ കൂടി ജില്ലയിലെത്തി. ഇതിൽ രണ്ട് പേരെ സ്ഥാപന ക്വാറന്റൈൻ കേന്ദ്രത്തിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി. അഞ്ച് പ്രവാസികളാണ് ജില്ലയിൽ എത്തേണ്ടിയിരുന്നത്. ഇതിൽ രണ്ട് പേർ മറ്റ് ജില്ലയിലുള്ള അവരുടെ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 73 പ്രവാസികളാണ് ജില്ലയിലെത്തി നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 38 പേരും സ്ഥാപന ക്വാറന്റൈൻ കേന്ദ്രത്തിൽ 35 പേരുമാണ് ഉളളത്.
തിരിച്ചറിയൽ രേഖ കരുതണം
തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. മറ്റു ജില്ലകളിൽ നിന്ന് സ്ഥിരമായി ഓഫീസിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യിൽ കരുതണം.
ഭക്ഷണ വിതരണം രാത്രി 9 വരെ
റെസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകളിൽ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ 7 മുതൽ രാത്രി 9 മണി വരെ നടത്താം. രാത്രി 10 മണിവരെ ഓൺലൈൻ ഡോർ ഡെലിവറി അനുവദനീയമാണ്.
ട്രേഡ് ലൈസൻസ് കോപ്പി കരുതണം
കൽപ്പറ്റ: ഇലക്ട്രീഷ്യന്മാരും മറ്റു ടെക്നീഷ്യൻമാര്യം തങ്ങളുടെ ട്രേഡ് ലൈസൻസ് കോപ്പി കയ്യിൽ കരുതണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ അനുമതി നേടണം. അവശ്യ സർവ്വീസുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ല.
ബാർബർ ഷോപ്പുകൾക്ക്
നിയന്ത്രണത്തോടെ അനുമതി
കൽപ്പറ്റ: എയർകണ്ടീഷൻ സംവിധാനം ഒഴിവാക്കി ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർകട്ടിങ്, ഹെയർ ഡ്രസിങ്, ഷേവിങ് തുടങ്ങിയ ജോലികൾക്ക് മാത്രമായി പ്രവർത്തിക്കാം. ഒരു സമയത്ത് രണ്ടു പേരിൽ കൂടുതൽ കാത്തു നിൽക്കാൻ പാടില്ല. ഒരേ ടവ്വൽ പലർക്കായി ഉപയാഗിക്കാൻ പാടില്ല. കസ്റ്റമർ സ്വന്തമായി ടവ്വൽ കൊണ്ടുവരുന്നതാണ് നല്ലത്. ഫോണിൽ അപ്പോയിന്റ്‌മെന്റ് എടുക്കുന്ന സംവിധാനം പ്രോൽസാഹിപ്പിക്കണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ;
നോഡൽ ഓഫിസർ ലിസ്റ്റ് വിപുലീകരിച്ചു
കൽപ്പറ്റ: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നോഡൽ ഓഫിസർമാരുടെ ലിസ്റ്റ് വിപുലീകരിച്ച് ജില്ലാ മെഡിക്കൽ ഓഫിസർ ഉത്തരവിറക്കി. സർവൈലൻസ്, എക്സ്‌പെർട്ട് സ്റ്റഡി എന്നീ വിഭാഗങ്ങളുടെ ചുമതല ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സൗമ്യ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂന മർജ എന്നിവർക്കാണ്. അനുബന്ധ സർക്കാർ വകുപ്പുകളുടെ ഏകോപനച്ചുമതല ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ് നിർവഹിക്കും. ഡോ. സുകുമാരനാണ് കോൾ സെന്റർ മാനേജ്‌മെന്റ് നോഡൽ ഓഫിസർ. എച്ച്.ആർ, മെറ്റീരിയൽ മാനേജ്‌മെന്റ് എന്നിവ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനനും ട്രെയിനിങ് ആന്റ് അവേർനസ് വിഭാഗം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആൻസി മേരി ജേക്കബ്ബും കൈകാര്യം ചെയ്യും.
മറ്റ് നോഡൽ ഓഫിസർമാർ: ഡോ. നിതാ വിജയൻ, ഡോ. ദാഹർ മുഹമ്മദ് (ട്രൈബൽ ഹെൽത്ത്), ജില്ലാ ആശുപത്രി സർജറി വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. സനൽ ചോട്ടു (ഇൻഫ്രാസ്ട്രക്ചർ, ഐസൊലേഷൻ വാർഡ് ആൻഡ് ഫെസിലിറ്റീസ് മാനേജ്‌മെന്റ്, ഡോക്യുമെന്റേഷൻ), ജില്ലാ മാസ് മീഡിയാ ഓഫിസർ കെ. ഇബ്രാഹിം (മീഡിയ സർവൈലൻസ്), ആരോഗ്യകേരളം ഹെൽത്ത് ഇൻഫർമേഷൻ ബ്യൂറോ ഇൻ ചാർജ് ഡോ. സന്തോഷ്‌കുമാർ (ഐ.ഇ.സി/ബി.സി.സി), ജില്ലാ ടി.ബി ഓഫിസർ ഡോ. അമ്പു (ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ആംബുലൻസ് മാനേജ്‌മെന്റ്), ഡോ. സാവൻ സാറാ (കമ്മ്യൂണിറ്റി ലെവൽ സർവൈലൻസ്), ഡോ. ഹരീഷ് കൃഷ്ണൻ (മാനസികാരോഗ്യ പരിപാലനം), ഡോ. എം.പി രാജേഷ്, ഡോ. വാസിഫ് മായൻ (സ്വകാര്യ ആശുപത്രികളുടെ ഏകോപനം).