-അന്തർസംസ്ഥാന സർവ്വീസുകൾ ഇല്ല
-അന്തർജില്ലാ സർവ്വീസും ഇല്ല
-കണ്ടെയ്‌മെന്റ് സോണുകളിലേക്ക് സർവ്വീസ് ഇല്ല
-ഒരു ബസിൽ 24 യാത്രക്കാർ മാത്രം
-മാസ്‌ക് ധരിക്കാത്തവർക്ക് പ്രവേശനമില്ല
-കയറുംമുമ്പ് സാനിറ്റൈസർ ഉപയോഗിക്കണം
സുൽത്താൻ ബത്തേരി: ലോക്ഡൗണിനെതുടർന്ന് കഴിഞ്ഞ 57 ദിവസമായി നിർത്തിവെച്ച കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് പുതിയ ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഇന്ന് മുതൽ നിബന്ധനകളോടെ പുനരാരംഭിക്കും. ജില്ലയ്ക്കകത്തുള്ള സർവ്വീസുകൾ മാത്രമാണ് നടത്തുക. നിബന്ധനകളോടെ ഇന്ന് ബത്തേരി ഡിപ്പോവിൽ നിന്ന് പത്തോളം സർവ്വീസുകളാണ് നടത്തുക.
കൽപ്പറ്റ, പുൽപ്പള്ളി, അമ്പലവയൽ, മേപ്പാടി എന്നിവിടങ്ങളിലേക്കാണ് ഇന്ന് സർവ്വീസ് നടത്തുക. ഇതിൽ കൽപ്പറ്റയിലേക്ക് മാത്രമാണ് നാല് സർവ്വീസുകൾ ഉണ്ടാവുക. മറ്റ് സ്ഥലങ്ങളിലേക്ക് രണ്ട് സർവ്വീസ് വീതം. ബത്തേരി കൽപ്പറ്റ റൂട്ടിൽ മീനങ്ങാടിയുടെ കുറച്ച് ഭാഗം കണ്ടെയ്‌മെന്റ് സോൺ ആയതിനാൽ ഇതുവഴിയുള്ള ബസ് സർവ്വീസ് നിയന്ത്രണങ്ങളോടെയായിരിക്കും.
രാവിലെ കൽപ്പറ്റയിലേക്ക് പോകുന്ന ബസ് തിരികെ മേപ്പാടി വിംസ് ഹോസ്പിറ്റൽ വടുവൻചാൽ വഴി അമ്പലവയലിലൂടെയാണ് ബത്തേരിയിലെത്തുക. വൈകുന്നേരം സിവിൽ സ്റ്റേഷനിൽ നിന്ന് ജീവനക്കാരെയും കൊണ്ടുള്ള ട്രിപ്പ് കൽപ്പറ്റയിൽ നിന്ന് നേരെ ബത്തേരിയിലെത്തും.
ജീവനക്കാർക്ക് കലക്‌ട്രേറ്റിലെത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ നാല് ബസ് കൽപ്പറ്റയ്ക്ക് സർവ്വീസ് നടത്തിയിരുന്നു.
ഒരു ബസിൽ 24 പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ കഴിയുക എന്നതിനാൽ കൽപ്പറ്റയിലേക്ക് രാവിലെ യാത്ര പുറപ്പെടുന്ന ബസിൽ പൊതുജനങ്ങൾക്ക് സീറ്റ് ലഭിക്കാൻ ഇടയില്ല. ബത്തേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് ബസ് സർവ്വീസ് നടത്തുന്നില്ല. റെഡ്‌സോൺ മേഖലയായതിനാൽ ബത്തേരിയിൽ നിന്ന് കേണിച്ചിറ വരെ യാത്ര പോകാനാണ് തീരുമാനം. ഇന്ന് നടക്കുന്ന സർവ്വീസുകളുടെ ഫലം അനുസരിച്ച് കൂടുതൽ ബസ് ഓടിക്കുന്നതിനെപ്പറ്റി തീരുമാനിക്കും.
നെന്മേനി പഞ്ചായത്തിലെ ചീരാൽ ഭാഗം റെഡ്‌സോണിൽപ്പെട്ടതിനാൽ ചീരാൽ, നമ്പ്യാർകുന്ന് ഭാഗത്തേക്കും സർവ്വീസ് ഉണ്ടാവില്ല. കൽപ്പറ്റയിലേക്ക് രാവിലെ പോവുന്ന ബസുകൾ തിരികെ മേപ്പാടി അമ്പലവയൽ വഴി ബത്തേരിയിലെത്തുകയും പിന്നീട് അമ്പലവയൽ വഴി മേപ്പാടി വഴി കൽപ്പറ്റയിലേക്ക് സർവ്വീസ് നടത്തും.
ബത്തേരിയിൽ നിന്ന് നമ്പ്യാർകുന്ന് വഴി അയ്യൻകൊല്ലിയിലേക്കും എരുമാട് കൂടി താളൂർ വഴി ബത്തേരിയിലേക്കും തിരിച്ചുമുള്ള സർക്കുലർ ബസുകളും ഉണ്ടാവില്ല. ലോക്ഡൗൺ നിബന്ധനകൾക്കും, ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശവുമനുസരിച്ചായിരിക്കും സർവ്വീസുകൾ.