സുൽത്താൻ ബത്തേരി: കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടകയിൽ പ്രവേശിപ്പിന്നില്ലെന്ന് വ്യാജ പ്രചാരണം. ഇന്നലെയും മുത്തങ്ങ അതിർത്തി ചെക്ക്പോസ്റ്റ് വഴി നിരവധി യാത്രക്കാരും ചരക്ക് വാഹനങ്ങളും അതിർത്തി കടന്ന് കർണാടകയിൽ പ്രവേശിച്ചു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഈ മാസം 31 വരെ കർണാടകയിൽ പ്രവേശിപ്പിക്കുകയില്ലെന്നായിരുന്നു അറിയിപ്പ്
സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സമ്മതത്തോടെ യാത്രക്കാരെ അനുവദിക്കാമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്നാടും. കർണാടകയിലും കൊവിഡ് വൈറസ് വ്യാപനത്തിന്റെ തോത് വർദ്ധിച്ചങ്കിലും നിബന്ധനകളോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാൻ കർണാടക തീരുമാനിച്ചിരുന്നു.
കർണാടകയോട് ചേർന്ന് കിടക്കുന്ന കേരളത്തിൽ നിരവധി കർണാടകക്കാർ തൊഴിൽ തേടി എത്തിയിട്ടുണ്ട്. ഇവരുടെ തിരിച്ചുപോക്ക് തടസ്സം കൂടാതെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തുവൻ കർണാടക തയ്യാറാവുകയില്ല. കേരളത്തിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കണ്ട എന്ന ഉത്തരവ് എത്തിയതായി കർണാടക അതിർത്തിയിലെ മൂലഹള ചെക്ക് പോസ്റ്റിലുള്ളവർക്ക് അറിയില്ല. കേരള ചെക്ക് പോസ്റ്റിലോ കർണാടക അതിർത്തി ചെക്ക് പോസ്റ്റിലോ ഇന്നലെ പ്രവേശനത്തിന് ആർക്കും തടസം നേരിട്ടില്ല.

ഫോട്ടോ
കേരളത്തിൽ നിന്നുള്ള യാത്രക്കാർ കർണാടക അതിർത്തി ചെക്ക് പോസ്റ്റായ മൂലഹള കടന്ന് പോകുന്നു.