കോഴിക്കോട് : ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ മുതൽ വൈകീട്ട് ഏഴ് വരെയായിരിക്കുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.
സ്‌കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകൾ പാടില്ല. ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യുകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവയും അനുവദിക്കുന്നതല്ല.
ഹോട്ടലുകൾ, റസ്റ്റോറന്റ് എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള നിയന്ത്രണം തുടരും. സിനിമ തീയേറ്റർ, ഷോപ്പിംഗ് മാളുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിംനേഷ്യം, നീന്തൽകുളങ്ങൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ കൂട്ടായ്മകളും മറ്റു കൂടിച്ചേരലുകൾക്കുമുള്ള നിയന്ത്രണം തുടരും. ആരാധനാലയങ്ങളിലെ പൊതുജന പ്രവേശനം അനുവദിക്കില്ല.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005ലെ ദുരന്തനിവാരണ നിയമം 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യൻ പീനൽ കോഡ് 188 ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.