കോഴിക്കോട്: പുതിയാപ്പ മാളിക പുരയിൽ ഉല്ലാസിന്റെ വീടിന് മുന്നിലൂടെ പോകുന്നവരെ കാത്തിരിക്കുന്നത് കൗതുകത്തിന്റെ 'കാർട്ടൂൺ മതിൽ". ഉല്ലാസിന്റെ മക്കളായ ഭദ്രയും ജഗത്‌നാഥുമാണ് ലോക്ക് ഡൗണിൽ വീട്ടിലെ മതിലിൽ കാർട്ടൂണൊരുക്കിയത്. മിക്കി മൗസും മിന്നിമൗസും മുയലും കിളികളും മറ്റുമായി നിരവധി കഥാപാത്രങ്ങൾ ഇടം നേടിയിട്ടുണ്ട് വരമതിലിൽ.
ലോക്ക് ഡൗൺ വിരസത മാറ്റാനാണ് ഏഴാം ക്ലാസുകാരനായ ജഗത്‌നാഥും ഒമ്പതാം ക്ലാസുകാരിയായ ഭദ്രയും കാർട്ടൂൺ വർണങ്ങളിൽ മുഴുകിയത്. മക്കളുടെ കടലാസിലെ വരകൾ കണ്ട ചിത്രകാരൻ കൂടിയായ അച്ഛൻ ഉല്ലാസും അമ്മ പ്രമിതയും പ്രോത്സാഹനം നൽകി. അങ്ങനെ മതിലിൽ കാർട്ടൂൺ ചിത്രങ്ങൾ പിറന്നു. വീട് പെയിന്റിംഗിന് ശേഷം ബാക്കിയായ പെയിന്റ് ഉപയോഗിക്കാമെന്ന ആശയം ഉല്ലാസാണ് നിർദ്ദേശിച്ചത്. തുടർന്ന് പ്രമിതയും മക്കളും ചേർന്ന് മതിൽ വൃത്തിയാക്കി കുമ്മായം പൂശി. ചിത്രങ്ങൾ ആദ്യം കടലാസിലാണ് വരച്ചത്. തുടർന്ന് അവ മതിലിലേക്ക് പകർത്തി. ഭദ്രയാണ് വരച്ചു തുടങ്ങിയത്. ചേച്ചിയ്‌ക്ക് പിന്നാലെ ജഗത്‌നാഥും ഒപ്പം കൂടി. വീട്ടിലിരുന്ന് മടുത്ത മക്കൾക്ക് ചിത്രം വര തുടങ്ങിയ ശേഷം ഒന്നിനും സമയം കിട്ടാറില്ലെന്ന് എ.സി മെക്കാനിക്കായ അച്ഛൻ ഉല്ലാസ് പറയുന്നു. വെസ്റ്റ്ഹിൽ ലിറ്റിൽ ഡാഫോഡിൽസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ജഗത്‌നാഥ്. ഭദ്ര പ്രോവിഡൻസ് ഗേൾസ് സ്‌കൂളിൽ ഒൻപതാം ക്ലാസിലും. മതിലിലെ ചിത്രങ്ങൾ കണ്ട് നിരവധി പേരാണ് ഇവർക്ക് അഭിനന്ദനവുമായെത്തുന്നത്.