കോഴിക്കോട്: ആശ്വാസദിനത്തിനു പിറകെ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് എത്തിയ അരിക്കുളം സ്വദേശിയായ 22 കാരനാണ് രോഗബാധ.

മേയ് 11 ന് രാത്രി മുംബൈയിൽ നിന്നു ബസ്സിൽ യാത്ര തിരിച്ച് 13 ന് രാവിലെ 8.30 ന് കൊയിലാണ്ടിയിൽ എത്തിയ ശേഷം യുവാവ് അരിക്കുളത്തെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 17 ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട്ടെ കൊറോണ ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. സ്രവപരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ജില്ലയിൽ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36 ആയി. ഇതിൽ 24 പേർക്ക് രോഗം ഭേദമായി. ബാക്കി 12 കോഴിക്കോട് സ്വദേശികളും രണ്ടു ഇതര ജില്ലക്കാരും ഇവിടെ ചികിത്സയിൽ തുടരുന്നുണ്ട്.

ഇന്നലെ 86 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3044 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 2978 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2934 എണ്ണം നെഗറ്റീവാണ്. 66 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

 410 പേർ കൂടി നിരീക്ഷണത്തിൽ

ഇന്നലെ പുതുതായി 410 പേർ കൂടി ക്വാറന്റൈൻ പട്ടികയിൽ വന്നതോടെ ജില്ലയിൽ ഇപ്പോൾ 5608 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 25,029 പേർ നിരീക്ഷണം പൂർത്തിയാക്കി

35 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 12 പേരെ പുതുതായി പ്രവേശിപ്പിച്ചതാണ്. എട്ടു പേർ ആശുപത്രി വിട്ടു.

 671 പ്രവാസികൾ

ജില്ലയിൽ 671 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.105 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയതാണ്. 267 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 390 പേർ വീടുകളിലുമാണ്. 14 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 89 പേർ ഗർഭിണികളാണ്.