കൽപ്പറ്റ: അന്തർജില്ലാ യാത്രകൾക്ക് സർക്കാർ ഇളവ് അനുവദിച്ച സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അന്തർ ജില്ലാ ചെക്ക്‌പോസ്റ്റുകളിൽ നിയോഗിച്ചിട്ടുളള ജീവനക്കാരെ പിൻവലിച്ച് ജില്ലാഭരണകൂടം ഉത്തരവിറക്കി. ജീവനക്കാർ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി ബന്ധപ്പെടുന്ന റോഡുകളിലായിരുന്നു നിരീക്ഷണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം ഇതര സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ചെക്ക്‌പോസ്റ്റുകളിൽ തൽസ്ഥിതി തുടരുമെന്നും ഉത്തരവിൽ പറയുന്നു.

വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് 7 വരെ
കൽപ്പറ്റ: ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ കടകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും (കണ്ടൈൻമെന്റ് സോണിൽ ഒഴികെ) പ്രവൃത്തിസമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
സ്വാശ്രയ കർഷക സംഘങ്ങൾ
കൽപ്പറ്റ: ജില്ലയിലെ വി.എഫ്.പി.സി.കെ കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റ് കിട്ടിയ തുകയിൽ നിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലയിലെ 16 വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതികളുടെ നേതൃത്വത്തിലാണ് കർഷകരിൽ നിന്ന് തുക സമാഹരിച്ചത്. വി.എഫ്.പി.സി.കെ ജില്ലാ മാനേജർ എ.വിശ്വനാഥൻ, കർഷക സമിതി പ്രസിഡന്റുമാരായ കെ.ടി കുഞ്ഞബ്ദുളള, റസാക്ക് കാക്കവയൽ എന്നിവർ ചേർന്ന് തുക ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളളയ്ക്ക് കൈമാറി.

മാർച്ച് 23 മുതൽ ഇതുവരെ സ്വാശ്രയ കർഷക സമിതികൾ വഴി 503 ടൺ പഴം, പച്ചക്കറി, കിഴങ്ങ് ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് ശേഖരിച്ചു വിപണനം നടത്തി. 94 ലക്ഷം രൂപയാണ് ഇതിലൂടെ സമാഹരിക്കാൻ സാധിച്ചതെന്ന് വി.എഫ്.പി.സി.കെ ജില്ലാ മാനേജർ പറഞ്ഞു.
(ചിത്രം)


തയ്യൽ മെഷീൻ വിതരണം ചെയ്തു
മേപ്പാടി: മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഗോൾഡൻ ബെൽസ് ബഡ്സ് സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആറ് കുട്ടികൾക്കാണ് തയ്യൽ മെഷീൻ നൽകിയത്. തയ്യൽ മെഷീൻ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ കുട്ടികൾക്ക് മാസ്‌ക് നിർമ്മിച്ച് നൽകുകയാണ് ലക്ഷ്യം. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഹിന്ദു റാവു, അദ്ധ്യാപിക സി.ജെ.റിനു എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചാണ് തയ്യൽ മെഷീൻ വിതരണം നടത്തിയത്.

(ചിത്രം)

കണ്ടൈൻമെന്റ് സോൺ പട്ടികയിൽ നിന്നൊഴിവാക്കി
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 8,9,17 വാർഡുകൾ, തച്ചമ്പത്ത് കോളനി, അമ്പലവയൽ പഞ്ചായത്തിലെ മാങ്ങോട്ട് കോളനി എന്നിവയെ കണ്ടൈൻമെന്റ് സോണുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവായി.

കള്ള് ഷാപ്പ് വിൽപ്പന
സുൽത്താൻ ബത്തേരി: ബത്തേരി റെയ്ഞ്ചിൽ വിൽക്കാൻ അവശേഷിക്കുന്ന ഒന്നാം ഗ്രൂപ്പിലെയും അഞ്ചാം ഗ്രൂപ്പിലെയും 13 കള്ളുഷാപ്പുകളിൽ അടുത്ത 3 വർഷങ്ങളിൽ കള്ള് വിൽക്കുന്നതിനുള്ള കുത്തകാവകാശം മെയ് 27 ന് രാവിലെ 10 മണിക്ക് മീനങ്ങാടിയിലെ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ പരസ്യമായി വിൽപ്പന ചെയ്യും. യോഗ്യതയുള്ളവർ മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ : 04936 248850.

പ്രതിരോധ മരുന്ന് വിതരണം തുടങ്ങി
കൽപ്പറ്റ: ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കായി ആയുർവ്വേദ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആയുർവ്വേദ രോഗ പ്രതിരോധ മരുന്നുകളുടെ വിതരണം തുടങ്ങി. നിരീക്ഷണത്തിൽ കഴിയുന്നവരിൽ മരുന്ന് ആവശ്യമുള്ളവർ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആയുർവ്വേദ മെഡിക്കൽ ഓഫീസർമാരുമായി ബന്ധപ്പെടേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ.04936 203906.

വൈദ്യുതി മുടങ്ങും
അമ്പലവയൽ സെക്ഷൻ പരിധിയിലെ എടക്കൽ, ആയിരംകൊല്ലി, മട്ടപ്പാറ, കുപ്പക്കൊല്ലി, ആണ്ടികവല, ചീങ്ങേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ കൊയിലേരി, കെയിലേരി ഫെറി, ചോലവയൽ, പുതിയിടം, പൊട്ടൻകൊല്ലി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ടീച്ചർമുക്ക്, പേരാൽ, ചെമ്പകമൂല, പാണ്ടൻകോട്, കൂവളത്തോട്, ഡാം ഗേറ്റ്, കാപ്പുണ്ടിക്കൽ, കാപ്പുകുന്ന്, ചിറ്റാലക്കുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഭരണാനുമതി ലഭിച്ചു
മാനഥവാടി: ഒ.ആർ കേളു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് എടവക ഗ്രാമ പഞ്ചായത്തിലെ അഗ്രഹാരം മുത്താറിമല റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ ചെലവിടുന്നതിന് ഭരണാനുമതിയായി.


ഗതാഗതം നിരോധിച്ചു
കൽപ്പറ്റ: കൽപ്പറ്റ വാരമ്പറ്റ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 21 മുതൽ 30 വരെ ഇത് വഴിയുളള ഗതാഗതം നിരോധിച്ചു. പിണങ്ങോട്ട് ഭാഗത്ത് നിന്നുളള വാഹനങ്ങൾ ചൂരിയാറ്റ മണിയങ്കോട് വഴിയും വെങ്ങപ്പള്ളി ഭാഗത്ത് നിന്നുളള വാഹനങ്ങൾ വാവാടി മണിയങ്കോട് വഴിയും കാവുമന്ദം ഭാഗത്ത് നിന്നുളള വാഹനങ്ങൾ കിണറ്റിങ്ങൽ കാരാറ്റപ്പടി വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.


പി.പി.ഇ കിറ്റുകൾ നൽകി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ റൂഫ് പൂക്കോട് ആരോഗ്യ പ്രവർത്തകർക്കായി 100 പി.പി.ഇ കിറ്റുകൾ നൽകി. റൂഫ് സെക്രട്ടറി ഡോ. കെ.ജി ആദർശ്, വൈസ് പ്രസിഡന്റ്മാരായ ഡോ. കെ.എസ്. സുമിത്,ഡോ.എസ്. സീസ്മ എന്നിവരടങ്ങിയ സംഘം കളക്‌ട്രേറ്റിലെത്തിയാണ് ജില്ലാ കളക്ടർക്ക് കിറ്റുകൾ കൈമാറിയത്.


ഖാദി റിബേറ്റ്
കൽപ്പറ്റ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ കൽപ്പറ്റ പളളിത്താഴെ റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയിൽ റംസാൻ പ്രമാണിച്ച് മെയ് 26 വരെ ഖാദി തുണിത്തരങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെ ഗവ. സ്‌പെഷ്യൽ റിബേറ്റ് ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ. 04936 203603.


ആംബുലൻസിന് അനുമതി
കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐ.എം.എയുടെ നിയന്ത്രണത്തിലുളള ആംബുലൻസുകൾ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. രോഗികളെയോ പ്രവാസികളെയോ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരെയോ ആശുപത്രിയിലേക്കോ കോവിഡ് കെയർ സെന്ററിലേക്കോ കൊണ്ട് പോകുന്നതിനും തിരികെ കൊണ്ട് വരുന്നതിനുമാണ് ആംബുലൻസ് ഉപയോഗിക്കേണ്ടത്. ജില്ലയിൽ ആംബുലൻസുകളുടെ എണ്ണം പരിമിതമായ സാഹചര്യത്തിലാണ് നടപടി. ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ ലഭ്യമല്ലെന്ന് നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമാണ് വാടകയ്ക്ക് എടുക്കാൻ അനുവദിക്കുക. 10 കിലോമീറ്ററിന് 500 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 17.50 രൂപയുമാണ് നിശ്ചയിച്ച ആംബുലൻസ് വാടകയെന്ന് കളക്ടർ അറിയിച്ചു.