കൽപ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 1245 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3005 ആയി. രോഗം സ്ഥിരീകരിച്ച 16 പേർ ഉൾപ്പെടെ 26 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ബുധനാഴ്ച്ച 176 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1398 സാമ്പിളുകളിൽ 1000 ആളുകളുടെ ഫലം ലഭിച്ചു. ഇതിൽ 977 എണ്ണം നെഗറ്റീവാണ്. 391 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ബുധനാഴ്ച്ച 76 സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇതിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 41 പേരുടെയും ഒരു ആരോഗ്യ പ്രവർത്തകന്റെയും 4 പൊലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകൾ ഉൾപ്പെടുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 161 പേർക്ക് കൗൺസലിംഗ് നൽകി.


ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ
മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7, 10, 11, 13, 14, 15, 16, 18 വാർഡുകൾ, തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡ്, നെൻമേനി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാർഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.

മുത്തങ്ങയിലെത്തിയത് 239 പേർ
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബുധനാഴ്ച്ച മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി 239 പേർ കൂടി ജില്ലയിലേക്ക് എത്തി. മുത്തങ്ങ ബോർഡർ ഫെസിലിറ്റേഷൻ സെന്ററിൽ 105 പേരും കലൂർ ഫെസിലിറ്റേഷൻ സെന്ററിൽ 134 പേരുമാണെത്തിയത്. പട്ടിക വർഗത്തിൽപ്പെട്ട 9 പേരെ സ്ഥാപന ക്വാറന്റൈനിൽ ആക്കി. ആകെ 8706 പേരാണ് ഇതുവരെയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ചത്.

20 പ്രവാസികൾ കൂടി ജില്ലയിൽ
വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തിയ പ്രവാസികളിൽ 20 പേർ കൂടി ജില്ലയിലെത്തി. ഇതിൽ ഏഴ് പേരെ സ്ഥാപന ക്വാറന്റൈൻ കേന്ദ്രത്തിലും പന്ത്രണ്ട് പേരെ വീട്ടിലും നിരീക്ഷണത്തിലാക്കി. ഒരാൾ മറ്റ് ജില്ലയിലുള്ള അവരുടെ വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. ഇതോടെ 94 പ്രവാസികൾ ജില്ലയിലെത്തി. വീടുകളിൽ 52 പേരും സ്ഥാപന ക്വാറന്റൈൻ കേന്ദ്രത്തിൽ 42 പേരുമാണ് ഉളളത്.