azhiyur
ലോക്ക് ഡൗൺ കാലായളവിൽ അഴിയൂരിൽ കോഴി മാലിന്യം സംസ്കരിച്ച വക 18,735 രൂപയുടെചെക്ക് ഏജൻസി പ്രതിനിധി യുജിൻജോൺസൺ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന് കൈമാറുന്നു

വടകര: കൊവിഡ് വറുതിയിലും മാലിന്യത്തിൽ നിന്ന് വരുമാനമുണ്ടാക്കുകയാണ് അഴിയൂർ പഞ്ചായത്ത്. ലോക്ക് ഡൗൺ കാലത്ത് അഴിയൂർ ഗ്രാമപഞ്ചായത്തിലെ 14 കോഴി കടകളിലെ മാലിന്യം സംസ്കരിച്ചതിലൂടെ പഞ്ചായത്ത്‌ നേടിയത് 18,735 രൂപ. താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചേർന്ന് 1,87,350 കിലോ കോഴി മാലിന്യമാണ് സംസ്‌കരിച്ചത്.

19 മാസം കൊണ്ട് 25 ടൺ മാലിന്യവും സംസ്‌കരിച്ചു. ലോക്ഡൗണിൽജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവിലൂടെയാണ് ഫ്രഷ്‌കട്ട് കമ്പനി മാലിന്യം സംസ്കരിക്കാൻ കൊണ്ട് പോയത്.

കച്ചവടക്കാരിൽ നിന്ന് വാഹനത്തിൽ ഏഴ് രൂപയ്‌ക്ക് വാങ്ങുന്ന മാലിന്യം താമരശ്ശേരിയിലാണ് സംസ്കരിക്കുന്നത്. ജില്ലയിൽ കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആദ്യമായിപദ്ധതി ആവിഷ്കരിച്ചത് അഴിയൂരിലാണ്.

പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ 18,735 രൂപ ഫ്രഷ് കട്ട്‌ കമ്പനി പ്രതിനിധി യൂജിൻ ജോസഫ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയനെ ഏൽപ്പിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന കോഴി കച്ചവടക്കാരെയും ഫ്രഷ് കട്ട്‌ ഏജൻസിയെയും പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.

അഴിയൂരിന്റെ മാലിന്യ വരുമാനം

 ലോക്ക് ഡൗണിൽ കോഴി മാലിന്യ സംസ്‌കരണത്തിലൂടെ അഴിയൂർ നേടിയത് -18,735 രൂപ

 ഫ്രഷ് കട്ട്‌ ഏജൻസിയുമായി ചേർന്ന് സംസ്‌കരിച്ച കോഴി മാലിന്യം -1,87,350 കിലോ

 19 മാസം കൊണ്ട് സംസ്‌കരിച്ച മാലിന്യം - 25 ടൺ

 കച്ചവടക്കാരിൽ നിന്ന് കോഴി മാലിന്യം വാങ്ങുന്നത് - 7 രൂപയ്‌ക്ക്

 മാലിന്യം സംസ്‌കരിക്കുന്നത് താമരശ്ശേരിയിൽ