സുൽത്താൻ ബത്തേരി: രണ്ട് മാസത്തെ ഇടവേളയ്ക്ക്‌ശേഷം ഇന്നലെ ബാർബർഷോപ്പുകൾ തുറന്നു. പുത്തൻ പരിഷ്‌ക്കാരങ്ങളുമായാണ് ബാർബർഷോപ്പുകൾ പ്രവർത്തിച്ചത്. നേരത്തെ അപ്പോയിന്റ്മെന്റ് എടുത്താണ് ആളുകൾ മുടിവെട്ടാൻ എത്തിയത്. ഒരുസമയം രണ്ട് പേർക്ക് മാത്രമാണ് ഒരു സലൂണിൽ മുടി വെട്ടാൻ അവസരം. ഉപയോഗിക്കുന്ന ടവ്വൽ ഓരോരുത്തർക്കും വെവ്വെറെയാണ്.
ബാർബർഷോപ്പുകൾ തുറന്നതറിഞ്ഞ് എത്തിയപ്പോഴാണ് പലരും അപ്പോയിന്റ്മെന്റ് എടുക്കാതെ മുടിവെട്ടാൻ കഴിയില്ലെന്ന് അറിയുന്നത്. പിന്നെ പേരും ഫോൺ നമ്പറും സലൂണുകളുടെ മുന്നിൽ സ്ഥാപിച്ച ബുക്കിൽ എഴുതി രജിസ്റ്റർ ചെയ്തു. രജിസ്റ്റർ നമ്പർ അനുസരിച്ച് സമയമാകുമ്പോൾ ഫോണിൽ വിളിച്ച് അറിയിക്കും. അപ്പോൾ മാത്രമാണ് സലൂണിന്റെ ഉള്ളിലേക്ക് അനുമതി.
മുടിവെട്ടാൻ എത്തുന്നവർക്ക് പുത്തൻകോട്ടന്റെ ഡിസ്‌പോസിബിൾ ടവ്വലാണ് ദേഹത്ത് ഇടാൻ നൽകുന്നത്. ഒരാളുടെ മുടിവെട്ടി കഴിഞ്ഞാൽ പിന്നെ ഈ ടവ്വൽ ഉപയോഗിക്കില്ല. കത്തിയും കത്രികയുമെല്ലാം സ്റ്റെറിലൈസ്‌ചെയ്തുവേണം അടുത്ത ആളിന്റെ മുടിവെട്ടാൻ. ഷോപ്പിലെ കസേരകൾ തമ്മിൽ സാമൂഹിക അകലം പാലിച്ച്‌വേണം ഇടാൻ. ഇത്തരം നിബന്ധനകളോടെയാണ് ഇന്നലെ ബാർബർഷോപ്പുകളെല്ലാം പ്രവർത്തിച്ചത്.
എല്ലാ ബാർബർഷോപ്പുകളിലും നല്ല പണിതിരക്കായിരുന്നെങ്കിലും ലോക് ഡൗൺ മാനദണ്ഡം അനുസരിച്ച് സാമൂഹിക അകലം പാലിച്ചാണ് ആളുകൾ കാത്തുനിന്നത്.
പുത്തൻ പരിഷ്‌ക്കാരങ്ങൾ കൂടുതൽ സുരക്ഷിതത്വം നൽകുന്നതാണെന്നാണ് സലൂൺ സന്ദർശിച്ച് ഇറങ്ങുന്നവരുടെ അഭിപ്രായം. നേരിട്ട്‌പോയി പേര് രജിസ്റ്റർ ചെയ്യുന്നതിന് പുറമെ ഫോൺ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യവും മിക്കഷോപ്പുകളിലുമുണ്ട്. എ.സി സലൂണുകൾ എല്ലാം തന്നെ എസി കട്ട് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. കസ്റ്റമറുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനൊപ്പം ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ പ്രത്യേകകോട്ടുകളും ഗ്ലൗസുകളും മാസ്‌ക്കുകളും തയ്യാറാക്കിയിട്ടുണ്ട്.
ഫോട്ടോ
കസ്റ്റമർക്കും ജീവനക്കാർക്കും സുരക്ഷാകോട്ടുകൾ നൽകികൊണ്ട് ഹെയർകട്ടിംഗ് നടത്തുന്ന ബത്തേരിയിലെ കൊച്ചിൻ സലൂൺ