വടകര: സർക്കാർ നിർദ്ദേശത്തെ തുടർന്ന് കടകളുടെ പ്രവർത്തനം രാത്രി ഏഴുവരെയായി നിജപ്പെടുത്താൻ അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. 'സേഫ് അഴിയൂർ" എന്ന പേരിൽ മുഴുവൻ വീട്ടുകാർക്കും മൂന്നു കോട്ടൻ മാസ്ക് നൽകും. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെ ഉൾപ്പെടുത്തി വാർഡ് തലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കും.
ലോക്ക് ഡൗൺ ഇളവുകളിൽ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കുന്നതിനായി കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളൾക്ക് ബോധവത്കരണം നൽകും. ഹരിതകർമസേനയുടെ പ്രവർത്തനം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്താൻ യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ ചാത്തംകണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
മറ്റ് തീരുമാനങ്ങൾ
വിവാഹത്തിന് വരുന്ന 50 പേരുടെ പട്ടിക പഞ്ചായത്തിലെത്തിക്കണം
നിർമ്മാണ സൈറ്റിൽ പരമാവധി പത്ത് പേരെ മാത്രമേ അനുവദിക്കൂ
കൂടുതൽ പേർ ജോലി ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വേണം
65 വയസ് കഴിഞ്ഞ മുഴുവൻ പേരുടെയും വിവരശേഖരണം നടത്തും
സാന്നിറ്റൈസർ നിർമ്മിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് പരീശീലനം നൽകും