haira

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്ക് കരുത്തേകാൻ ഏഴു വയസുകാരി കമ്മൽ ഊരി നൽകി. കൊളത്തറ ജി.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹൈറ വീട്ടിൽ നാളികേരം ശേഖരിക്കാനെത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർക്കാണ് കമ്മൽ ഊരി നൽകിയത്.

'അതിജീവിനത്തിന് നന്മയുടെ നാളികേരം" എന്ന പരിപാടിയുടെ ഭാഗമായാണ് ബേപ്പൂരിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ കൊളത്തറയിലെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സഹായിക്കുന്നതിനുള്ള തേങ്ങ സംഭരിക്കുന്നതിന് പ്രവർത്തകർ വീട്ടിലെത്തുമ്പോൾ വളർത്തു പൂച്ചയ്‌ക്കൊപ്പം കളിക്കുകയായിരുന്നു ഹൈറ. പ്രവർത്തകർ വീട്ടുകാരോട് കാര്യം വിശദീകരിച്ചപ്പോൾ അകത്തേക്ക് പോയ കുട്ടി പിന്നീട് വന്നത് ഉമ്മയുടെ കൈയും പിടിച്ച്. പിന്നാലെ സഹോദരൻ ആദിലുമെത്തി.

ഹൈറയുടെ ഉമ്മ ഒരു ചാക്ക് തേങ്ങയാണ് നൽകിയത്. തുടർന്ന് കമ്മൽ കൂടി നൽകട്ടെ എന്നായി ഹൈറ. ഉടൻ ഗൾഫിലുള്ള ഉപ്പയോട് സംസാരിച്ച് സമ്മതം വാങ്ങിയ ശേഷം ഹൈറ തന്റെ കമ്മൽ എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം റിയാസ് അഹമ്മദിന് നൽകി.