ഇയ്യാട്: നോമ്പുകാലത്ത് കഥാകൃത്ത് ഹഖ് ഇയ്യാടിന്റെ മനസ് അറിയാതെ ആ പഴയ കാലത്തേക്ക് വഴുതും. 1999 ഡിസംബറിൽ നോമ്പ് കാലത്തായിരുന്നു ഉള്ളുലയ്ക്കുന്ന ആ ദുരനുഭവം.
വിസ തട്ടിപ്പിൽ കുടുങ്ങി ഹഖ് ഉൾപ്പെടെ ഇയ്യാട്, കിനാലൂർ, പൂനൂർ, ഇയ്യാട്, താമരശ്ശേരി ഭാഗത്തുള്ള 32 യുവാക്കൾ മലേഷ്യയിലെ കോലാലമ്പൂർ ജയിലിലിലാവുകയായിരുന്നു. പട്ടിണിയും രോഗവും കൂട്ടായുണ്ടായിരുന്ന ആ ദിനരാത്രങ്ങൾ ഓർക്കുമ്പോൾ ഇന്നും ഹഖിന്റെ ഉള്ളിൽ വല്ലാത്തൊരു വിങ്ങലാണ്.
മൂന്നു മാസത്തെ സന്ദർശക വിസയിലാണ് സംഘം മലേഷ്യയിലെത്തുന്നത്. പല കമ്പനികളിലായി ജോലിയ്ക്ക് ചേർന്നവരിൽ മിക്കവർക്കും ശമ്പളമില്ല. കുറഞ്ഞ ശമ്പളം കിട്ടിയവർക്കും കാര്യമുണ്ടായില്ല. ഏജന്റുമാർ ഗുണ്ടകളെ വിട്ട് മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തു.
അതിനിടെ ഒരു ദിവസം അർദ്ധരാത്രി ഒളിച്ചോടി കോലാലമ്പൂരിനടുത്തുള്ള ഇന്ത്യൻ എംബസിയിലെത്തി. ഒരു മലയാളി ഉദ്യോഗസ്ഥൻ ഇന്ത്യൻ മസ്ജിദിലെത്തിച്ചു. മസ്ജിദ് കമ്മിറ്റി താമസവും ഭക്ഷണവുമൊരുക്കുകയായിരുന്നു.
വിസ കാലാവധി കഴിഞ്ഞതോടെ പക്ഷേ, എല്ലാവരും ജയിലിലായി. രണ്ടു, മൂന്നു ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും നോമ്പുകാലം നല്ലൊരു പങ്കും ജയിലിലായിരുന്നു. നിന്നു തിരിയാൻ ഇടമില്ലാത്ത ജയിലിൽ പലരും രോഗികളും അവശരുമായി. പാതി പേർ രാത്രി ഉറങ്ങും. ബാക്കിയുള്ളവർ പകലും.
റമദാൻ 28 ആയപ്പോൾ ഇന്ത്യക്കാർക്ക് മടങ്ങാമെന്ന അറിയിപ്പെത്തി. രാത്രിയോടെ എയർ ഇന്ത്യയുടെ വിമാനത്തിൽ കയറ്റി വിട്ടു. പിറ്റേന്ന് രാവിലെ മദ്രാസ് എയർപോർട്ടിലിറങ്ങി. അവിടെ നിന്ന് ട്രെയിനിൽ നാട്ടിലെത്തി. ഈ നോമ്പുകാലത്ത് കൊവിഡ് പിടിമുറുക്കുമ്പോൾ 18 വർഷം മുമ്പത്തെ ദുരിതദിവസങ്ങളും വിടാതെ ഓർമ്മയിൽ പിന്തുടരുകയാണ്.