സുൽത്താൻ ബത്തേരി : പരിമിതമായ സർവ്വീസുകളുമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി ഇന്നു മുതൽ കൂടുതൽ ബസുകൾ നിരത്തിലിറക്കും. ലോക് ഡൗണിനെതുടർന്ന് കഴിഞ്ഞ 57 ദിവസത്തിന്‌ശേഷം ബുധനാഴ്ചയാണ് പരിമിതമായ ബസുകൾ ജില്ലയ്ക്കകത്ത് സർവ്വീസ് നടത്തിയത്.
ജില്ലയിലെ കുറെ സ്ഥലങ്ങൾ കണ്ടെയ്‌മെന്റ്‌സോണുകളായതിനാൽ ഇതുവഴി ഗതാഗതം അനുവദിക്കുന്നില്ല. രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ ഇപ്പോൾ സർവ്വീസ് നടത്തുന്നത് കൊവിഡ് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ആമേഖലയിലേക്കും സർവ്വീസ് നടത്തുന്നില്ല.
കൽപ്പറ്റ സിവിൽസ്റ്റേഷനിലേക്കുള്ള നാല് സർവ്വീസുകൾക്ക് പുറമെ അഞ്ച് സർവ്വീസുകൾ മാത്രമാണ് നടത്തിയത്. ഇന്നുമുതൽ 16 സർവ്വീസുകൾ നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം സർവ്വീസ് നടത്തിയ റൂട്ടുകൾക്ക് പുറമെ ബത്തേരി-നടവയൽ, മുത്തങ്ങ ചെക്ക്‌പോസ്റ്റ്,കേണിച്ചിറ-കൽപ്പറ്റ എന്നിവിടങ്ങളിലേക്കാണ് ഇന്ന് പുതുതായി സർവ്വീസ് നടത്തുക. നടവയലിലേക്ക് പോകുന്ന നാല് ബസുകൾ തിരികെ ബത്തേരിയിലെത്തി മുത്തങ്ങയിലേക്ക് സർവ്വീസ് നടത്തും. കേണിച്ചിറയിൽ നിന്ന് ഒരു ബസ് കൊളവയൽ വഴിയാണ് കൽപ്പറ്റയിലെത്തുക. കഴിഞ്ഞ ദിവസം സർവ്വീസ് നടത്തിയ റൂട്ടുകളിൽ കൂടുതൽ സർവ്വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ബസ് സർവ്വീസ് പുനരാരംഭിച്ചങ്കിലും ആളുകൾ കാര്യമായി നിരത്തിലിറങ്ങാൻ തുടങ്ങിയിട്ടില്ല. ഇത് കളക്ഷനെ കാര്യമായി ബാധിച്ചെങ്കിലും സേവന സന്നദ്ധതയോടെ സർവ്വീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.
ബത്തേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് നടത്തുന്നില്ല. റെഡ്‌സോൺ മേഖലയായതിനാൽ ബത്തേരിയിൽ നിന്ന് നടവയൽ വരെയാണ് സർവ്വീസ്. നെന്മേനി പഞ്ചായത്തിലെ ചീരാൽ ഭാഗം റെഡ്‌സോണിൽപ്പെട്ടതിനാൽ ചീരാൽ,നമ്പ്യാർകുന്ന് ഭാഗത്തേക്കും സർവ്വീസ് ഇല്ല.
ബത്തേരിയിൽ നിന്നുള്ള സർക്കുലർ ബസുകളും ഉണ്ടായിരിക്കില്ല.
ജീവനക്കാർക്ക് സാനിറ്റൈസർപോലും ഇല്ല
സുൽത്താൻ ബത്തേരി: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി എല്ലാവരും മുൻകരുതൽ നടപടിയുടെ ഭാഗമായി സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാത്രം കൈകഴുകാൻ സാനിറ്റൈസർപോലുമില്ല. ഇന്നലെ സർവ്വീസ്‌പോയ നാല് ബസുകളിലെ ജീവനക്കാർക്ക് ആകെ നൽകിയത് ഒരു കുപ്പി സാനിറ്റൈസറാണ്. ഇത് നാല് ബസുകാരും പങ്കുവെച്ച് എടുക്കുകയായിരുന്നു. ജീവനക്കാർ സ്വന്തമായി ഗ്ലൗസും മാസ്‌കും സാനിറ്റൈസറും ഡ്യുട്ടിക്ക് പോകുമ്പോൾ കയ്യിൽ കരുതേണ്ട അവസ്ഥയാണ്.
ബസിൽ അന്യസംസ്ഥാന തൊഴിലാളികൾ ബഹളംവച്ചു
കൽപ്പറ്റ: പനമരത്ത് നിന്ന് എത്തിയ ബീഹാർ സ്വദേശികളായ ആറ് പേർ ബസിൽ കയറി ബസ് കോഴിക്കോട്ടേക്ക് വിടണമെന്ന് പറഞ്ഞ് ബഹളം വച്ചു. ഇന്നലെ കൽപ്പറ്റ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം. രാവിലെ ബത്തേരിയിൽ നിന്ന് കൽപ്പറ്റയ്ക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കൽപ്പറ്റയിലെത്തിയപ്പോഴായിരുന്നു സംഭവം. ബസ് കോഴിക്കോട്ടേക്ക് പോകുന്നില്ലെന്ന് പറഞ്ഞങ്കിലും ഇവർ ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല .അവസാനം നാട്ടുകാർ ഇടപെട്ട് ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും തൊഴിലുടമയുടെ അടുത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.