img202005
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുക്കം കടവിലെ വെന്റ് പൈപ്പ് പാലത്തിൽ പരിശോധന നടത്തുന്നു

മുക്കം: ഇരുവഞ്ഞി പുഴയിൽ മുക്കം കടവിലെ ഉപയോഗശൂന്യമായ വെന്റ് പൈപ്പ് പാലം പൊളിച്ചു മാറ്റുന്നു. 2003ൽ കാരശ്ശേരി പഞ്ചായത്താണ് പാലം നിർമ്മിച്ചത്. അതുവരെ മുക്കം കടവിൽ കടത്തു തോണിയായിരുന്നു. അഞ്ചു വർഷം മുമ്പ് കടവിൽ 18 കോടി രൂപ ചെലവിൽ പുതിയ പാലം നിർമ്മിച്ചതോടെ വെന്റ് പൈപ്പ് പാലത്തിന്റെ ഉപയോഗം കുറഞ്ഞു. മഴക്കാലത്ത് മരത്തടികളും മറ്റും ഒഴുകിയെത്തി പുഴയിൽ നീരൊഴുക്ക് തടസ്സപ്പെടാനും കരകൾ ഇടിയാനും തുടങ്ങിയതോടെ പാലം പൊളിച്ചുമാറ്റാൻ കാരശ്ശേരി പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയി. ജില്ലാ വികസന സമിതി യോഗത്തിൽ ജോർജ് എം തോമസ് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും പാലം പൊളിക്കാൻ നടപടി ആവശ്യപ്പെട്ടിരുന്നു. ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ് ഒരു മാസത്തിനകം പാലം പൊളിക്കാൻ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ്, ജനപ്രതിനിധികളായ കെ.ടി. ശ്രീധരൻ, സി.കെ.കാസിം, അബ്ദുള്ള കുമാരനല്ലൂർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ.ജി.സന്ദീപ് ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർ പ്രകാശൻ തുടങ്ങിയവർ ഇന്നലെ സ്ഥലം സന്ദർശിച്ചു.