കോഴിക്കോട്: കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് 178.27 കോടി രൂപയുടെ കരാർ നൽകാൻ തീരുമാനമായി. 116.5 കോടിയുടെ പദ്ധതി 52ശതമാനം വർദ്ധിപ്പിച്ചാണ് മിഡ് ലാൻഡ് എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ടിംഗ് കമ്പനിയ്ക്ക് കരാർ നൽകുന്നത്. കരാർ തുക കൂടിയതിനാൽ റീ ടെൻഡർ ചെയ്യാൻ നിർദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗൺസിലിലേക്ക് എത്തിയത്. ടാഗോർ സെന്ററിനറി ഹാളിൽ ഡെപ്യൂട്ടി മേയർ മീരാദർശകിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് വോട്ടിനിട്ടാണ് തീരുമാനമെടുത്തത്.

അമൃത് പ്രവൃത്തികൾക്ക് അനുമതി നൽകുന്ന സംസ്ഥാനതല ടെക്‌നിക്കൽ കമ്മിറ്റിയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും കരാർ അംഗീകരിക്കണം.
പദ്ധതിക്ക് ഫെബ്രുവരിയിൽ കരാർ നൽകാൻ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. തീരുമാനം വിവാദമായതോടെ നേരത്തേ തയ്യാറാക്കിയ പദ്ധതി രേഖയേക്കാൾ 50 ശതമാനത്തിലേറെ വർദ്ധനവുള്ളതിനാൽ വീണ്ടും ടെൻഡർ ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിക്കുകയായിരുന്നു. അതെസമയം റീ ടെൻഡറിലും പഴയ കരാറുകാരെ തന്നെയാണ് പദ്ധതി ഏൽപ്പിച്ചിരിക്കുന്നത്. യോഗത്തിൽ 23 നെതിരെ 46 വോട്ടിന് തീരുമാനം പാസായി. അജണ്ടയെ ആദ്യം എതിർത്ത പി. കിഷൻചന്ദ് വോട്ടിനിട്ടപ്പോൾ പിന്തുണച്ചു. സ്ഥിരം സമിതി അംഗങ്ങളായ എം.സി. അനിൽകുമാറും എം. രാധാകൃഷ്ണനും സംസാരിച്ചു. ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണൻ, അഡ്വ.പി.എം.നിയാസ്, ഇ.പ്രശാന്ത് കുമാർ, അഡ്വ.വിദ്യാ ബാലകൃഷ്ണൻ, എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ തുടങ്ങിയവർ പ്രതിഷേധിച്ചു.

 പ്ലാന്റ് കോതിയിലും ആവിക്കലിലും

ബീച്ചിൽ കോതിയിലും ആവിക്കലിലുമായാണ് സീവറേജ് പ്ലാന്റ് ഒരുക്കുന്നത്. 59.77 കോടിയുടെയും 56.38 കോടിയുടേതുമാണ് പദ്ധതി. അഞ്ച് വർഷത്തെ പരിപാലനമുൾപ്പെടെ 91.36 കോടി, 86.91 കോടി എന്നിങ്ങനെയാണ് ടെൻഡർ. നിർമ്മാണ മേഖലയിൽ മാത്രം പരിചയമുള്ള മിഡ് ലാൻഡിനൊപ്പം മറ്റൊരു കമ്പനി കൂടി പങ്കാളിയാകും.