കോഴിക്കോട്: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവക്കേണ്ടി വന്ന പൊതുഗതാഗതം വീണ്ടും ഉണർന്നു. കെ.എസ്.ആർ.ടി.സി ബസ്സുകളും ഏതാനും സ്വകാര്യ ബസ്സുകളും മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. യാത്രക്കാർ പൊതുവെ കുറവായിരുന്നു.

ആരോഗ്യ വകുപ്പ് നിഷ്‌കർഷിക്കുന്ന എല്ലാ മുൻകരുതലോടെയുമായിരുന്നു സർവീസ്. പരിമിതമായ യാത്രക്കാരെ മാത്രമാണ് ബസിൽ കയറ്റിയത്. മാസ്‌കും സാനിറ്റൈസറും ജീവനക്കാർക്കുൾപ്പെടെ നിർബന്ധം.

കോഴിക്കോട് ഡിപ്പോയിൽ നിന്ന് രാമനാട്ടുകര, തൊട്ടിൽപാലം, മാവൂർ, വടകര, അടിവാരം, ബാലുശ്ശേരി, താമരശ്ശേരി, മുക്കം എന്നീ ഭാഗങ്ങളിലേക്കായി 9 ട്രാൻ. ബസുകളാണ് സർവീസ് നടത്തിയത്. ജില്ലയിലെ മറ്റു ഡിപ്പോകളും തുറന്നിട്ടുണ്ട്.

സ്വകാര്യ ബസ് സർവീസും ഭാഗികമായി തുടങ്ങി. എരഞ്ഞിമാവ്, മാവൂർ, കൂളിമാട്, മെഡിക്കൽ കോളേജ് റൂട്ടിലാണ് ഏതാനും ബസുകൾ രാവിലെ നിരത്തിലിറങ്ങിയത്. മൊഫ്യൂസിൽ സ്റ്റാൻഡിലും പാളയം സ്റ്റാൻഡിലും കയറി ആളുകളെ കയറ്റിയായിരുന്നു യാത്ര. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമായി ബന്ധമില്ലാത്ത ചില സ്വകാര്യ ബസ്സുടമകളാണ് ഇന്നലെ ഓടിയത്.

കൊവിഡ് വ്യാപനം തടയാനായി ജനത കർഫ്യൂ പ്രഖ്യാപിച്ചതിനു പിറകെയാണ് ജില്ലയിൽ ബസ് സർവീസ് നിറുത്തിവച്ചത്. മാർച്ച് 22 ന് ജനത കർഫ്യൂ കഴിഞ്ഞതോടെ 23 ന് ഏതാനും ചില ബസ്സുകൾ മാത്രമെ ഓടിയിരുന്നുള്ളൂ. 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പിന്നീട് ബസുകളൊന്നും നിരത്തിലിറങ്ങിയില്ല.

 സൗജന്യ യാത്ര അനുവദിക്കില്ല: കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

കോഴിക്കോട് : അമ്പത് ശതമാനം പേർക്ക് മാത്രം യാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ ബസ് ഉടമകൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നെന്നും ഈ സാഹചര്യത്തിൽ സൗജന്യ യാത്ര അനുവദിക്കാൻ സാധിക്കില്ലെന്നും കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. രണ്ട് മാസത്തോളം നിറുത്തിയിട്ട ബസുകൾക്ക് പെട്ടെന്ന് നിരത്തിലിറങ്ങാൻ സാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി.