കോഴിക്കോട്: യു.എ.ഇ കറൻസിയായ ദിർഹം നൽകാമെന്ന് പറഞ്ഞ് രണ്ടു വ്യാപാരികളിൽ നിന്നു അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ സുബ്ഹൻ മൊല്ല (27), അസ്‌റുദ്ദീൻ മൊല്ല (27), മുഹമ്മദ് ഗർഷിദ്ദീൻ (40) എന്നിവരെയാണ് പറമ്പിൽ ബസാറിൽ നിന്ന് നടക്കാവ് പൊലീസ് പിടികൂടിയത്.
മൊയ്തീൻ പള്ളി റോഡിലെ കണ്ണട ഷോപ്പിൽ നിന്ന് ഒന്നര മാസം മുമ്പ് കണ്ണട വാങ്ങിയ ശേഷം രൂപയ്ക്ക് പകരം ദിർഹം നൽകി സൗഹൃദം സ്ഥാപിക്കുകയായിരുന്നു ഇവർ. മേയ് 15 ന് കൂടുതൽ ദിർഹം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 15 ന് എരഞ്ഞിപ്പാലത്ത് എത്തി രഹസ്യമായി പണം കൈമാറുമെന്ന് ധരിപ്പിക്കുകയായിരുന്നു. കടയുടമയിൽ നിന്ന് രണ്ടു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പകരം കടലാസ് പൊതി കൈമാറി. ഇയാൾ വീട്ടിലെത്തി പൊതി അഴിച്ചപ്പോൾ അതിൽ വെറും കടലാസു കഷണങ്ങൾ മാത്രമായിരുന്നു. ഈ പരാതി പൊലീസിലെത്തിയതോടെ വിവരമറിഞ്ഞ് മൂന്ന് ലക്ഷം രൂപ കബളിപ്പിക്കപ്പെട്ട മറ്റൊരു കടയുടമയും പരാതിയുമായി എത്തുകയായിരുന്നു. തട്ടിപ്പ് സംഘം പറമ്പിൽ ബസാറിൽ താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതോടെ നടക്കാവ് സി.ഐ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മൂന്നു പേരെ പിടികൂടാൻ കഴിഞ്ഞു. രക്ഷപ്പെട്ട രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്.