കോഴിക്കോട്: കൊവിഡ് അതിജീവനത്തിന് കരുത്തേകാൻ നൃത്താവിഷ്‌കാരവുമായി ഒരു കൂട്ടം ഡോക്ടർമാർ. മരുന്നിനൊപ്പം സ്വാന്ത്വനവും ബോധവത്കരണവും പകരാനാണ് കോഴിക്കോട് ആസ്റ്റർ മിംസിലെ അഞ്ച് ഡോക്ടർമാർ കഥകളിയും സെമിക്ലാസിക്കൽ നൃത്തവും സമന്വയിക്കുന്ന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്. അഞ്ചുമിനിട്ടാണ് ദൈർഘ്യം.
നടൻ ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജിൽ പ്രകാശനം ചെയ്ത വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമാണ്. ശ്രീകൃഷ്ണനും സഹോദരി സുഭദ്രയയുമെത്തുന്ന കഥകളിയിലാണ് തുടക്കം. തുടർന്ന് നർത്തകിമാർ മാന്ത്രിക ചുവടുകളുമായെത്തും. മാദ്ധ്യമ പ്രവർത്തകൻ എസ്.എൻ. രജീഷ് സംവിധാനവും സുശോഭ് നെല്ലിക്കോട് കാമറയും നിർവഹിച്ചിരിക്കുന്നു. ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. ഉമ രാധേഷ്, ഡോ. ദിവ്യ പാച്ചാട്ട്, ഡോ. വിനീത വിജയരാഘവൻ, ഡോ. ഉമ രാധേഷ്, ഡോ.എൽ.കെ. ശ്രീവിദ്യ എന്നിവരാണ് അവതരണം. അരുൺ മണമലിന്റെതാണ് ഗാനരചന, ആലാപനം - വിനീത, നന്ദകുമാർ എം.കെ. അനിൽ എന്നിവർ സാങ്കേതിക സഹായം നൽകി. മനു ഗോവിന്ദാണ് എഡിറ്റിംഗ് നിർവഹിച്ചത്.