കോഴിക്കോട്: ഏഴാം പിറന്നാൾ ആഘോഷത്തിന് കേക്ക് വാങ്ങാൻ കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ. ചേളന്നൂർ കോരായി ഗവ. എ.എൽ.പി സ്‌കൂൾ വിദ്യാർത്ഥി അഷ്‌ലിനാണ് ഒരു വർഷത്തെ സമ്പാദ്യം നാടിനായി നൽകിയത്. കാശു കുടുക്കയിലെ 1895 രൂപ രക്ഷിതാക്കളോടൊപ്പം പി.ടി.എ റഹീം എം.എൽ.എയുടെ വീട്ടിലെത്തി കൈമാറി. പടനിലം പുതിയേടത്ത് വിജേഷിന്റെയും ദിൽനയുടേയും മകനാണ് അഷ്‌ലിൻ.

മാവൂർ ജി.എം.യു.പി സ്‌കൂളിലെ റിട്ട. അദ്ധ്യാപിക താത്തുർപൊയിൽ യശോദ ടീച്ചർ ഒരു മാസത്തെ പെൻഷൻ തുകയായ 22,000 രൂപയും കുന്ദമംഗലം പഞ്ചായത്ത് ആറാം വാർഡ് ജനകീയ വികസന കമ്മറ്റി 15,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പി.ടി.എ റഹീം എം.എൽ.എ ഏറ്റുവാങ്ങി.