കോഴിക്കോട്: കേരള ബാങ്കിൽ കർഷകർക്ക് 7 ശതമാനം പലിശ നിരക്കിൽ കിസാൻ മിത്ര സ്വർണപ്പണയ വായ്പയ്ക്ക് തുടക്കമായി. കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്ക് നബാർഡിൽ നിന്നു 3 ശതമാനം പലിശ ഇളവ് ലഭിക്കുമെന്നിരിക്കെ ഫലത്തിൽ 4 ശതമാനമാണ് പലിശ. മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഒരു വർഷമാണ് കാലാവധി. ഇത് രണ്ടു വർഷത്തേക്കു കൂടി പുതുക്കാം.
കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം നിബന്ധനകൾ പാലിച്ചായിരിക്കും വായ്പ. വിളകൾ ഇൻഷൂർ ചെയ്യണം. കേരള ബാങ്കിന്റെ എല്ലാ ശാഖകളിൽ നിന്നും കിസാൻമിത്ര വായ്പ ലഭിക്കുമെന്ന് ബാങ്ക് ജില്ലാ ജനറൽ മാനേജർ കെ.പി.അജയകുമാർ അറിയിച്ചു.