15 പേർക്കെതിരെ കേസ്
കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവെ മാദ്ധ്യമപ്രവർത്തകന് നേരെ സദാചാര ഗുണ്ടാ ആക്രമണം. 'മാധ്യമം' ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി.ബിനീഷാണ് നരിക്കുനിയ്ക്കടുത്ത് കാവുംപൊയിലിൽ ആൾക്കുട്ടത്തിന്റെ അക്രമത്തിന് ഇരയായത്. മോഷ്ടാവെന്ന് പറഞ്ഞായിരുന്നു മുക്കാൽ മണിക്കൂറോളം നടുറോഡിൽ രാത്രി തടഞ്ഞുവെച്ചുള്ള വിചാരണ. സംഭവത്തിൽ കൊടുവള്ളി പൊലീസ് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു.
ബുധനാഴ്ച രാത്രി പത്ത് മണിക്ക് പൂനുരിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകവെ ഫോണിൽ വിളി വന്നപ്പോൾ വണ്ടി നിറുത്തിയതായിരുന്നു. പിന്നീട് യാത്ര തുടരുന്നതിനിടെ ഒരാൾ ആദ്യം തടഞ്ഞു. പത്രക്കാരനാണെന്ന് പറഞ്ഞിട്ടും ഇയാൾ വിടാതെ കൂടുതൽ പേരെ വിളിച്ചുവരുത്തുകയായിരുന്നു. പതിനഞ്ചോളം പേർ വടിയും മറ്റുമായെത്തി കൈയേറ്റം ചെയ്തു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആൾക്കൂട്ടം നൂറോളമായി. കൊടുവള്ളി സി.ഐ പി.ചന്ദ്രമോഹനെ ബിനീഷ് വിളിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തിയാണ്
പിന്നീട് മോചിപ്പിച്ചത്.
മോഷ്ടാവിനെ പിടിച്ചെന്ന് പറഞ്ഞ് ബിനീഷിന്റെ ഫോട്ടോയും വീഡിയോയും പകർത്തിയതായി കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം വേണുഗോപാൽ പ്രശ്‌നം വഷളാക്കാനാണ് ശ്രമിച്ചതെന്നും പരാതിയിലുണ്ട്.