കൽപ്പറ്റ: ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന അഞ്ചു പേർ കൂടി ആശുപത്രി വിട്ടു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന രണ്ട് പൊലീസുകാരെയും ട്രക്ക് ഡ്രൈവറുടെ മകൻ (29), മരുമകൻ(35), വിദേശത്ത് നിന്നെത്തിയ 29 വയസ്സുകാരൻ എന്നിവരേയാണ് സാമ്പിൾ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

രോഗം സ്ഥിരീകരിച്ച ബാക്കി 11 പേർ ഉൾപ്പെടെ 18 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 3046 പേരാണ്. വ്യാഴാഴ്ച്ച 134 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. അതേസമയം 93 പേർ കൂടി നിരീക്ഷണ കാലം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിൽ നിന്ന് വ്യാഴാഴ്ച്ച 64 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 1462 സാമ്പിളുകളാണ് അയച്ചത്. ഇതിൽ 1282 ആളുകളുടെ ഫലം ലഭിച്ചു. 1259 എണ്ണം നെഗറ്റീവാണ്. 173 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കൂടാതെ ഇന്നലെ 81 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ 1379 സെന്റിനൽ സാമ്പിളുകളാണ് ഇത്തരത്തിൽ അയച്ചിട്ടുളളത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്ന 627 പേർക്ക് കൗൺസിലിംഗ് നൽകി.

3 വാർഡുകളെ കൂടി ഒഴിവാക്കി
എടവക ഗ്രാമപഞ്ചായത്തിലെ 12,14,16 വാർഡുകളെ കൂടി കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.