കോഴിക്കോട്: കൊവിഡിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാർക്ക് സ്വന്തം നിലയിൽ വിമാനം ചാർട്ട് ചെയ്തുവരാൻ അനുമതി നൽകണമെന്ന് എം.കെ.രാഘവൻ എം.പി പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു. 'മിഷൻ വന്ദേ ഭാരത്' പ്രകാരം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിമാന സർവീസുകൾ മുഴുവൻ പ്രവാസികളേയും നാട്ടിലെത്തിക്കാൻ അപര്യാപ്തമാണ്.
നിലവിലെ സർവീസുകൾ പ്രകാരം മുൻഗണന ലഭിക്കേണ്ട ഗർഭിണികൾ പോലും നാട്ടിലെത്താൻ പ്രയാസപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് വിമാനം ചാർട്ട് ചെയ്തു വരാൻ പ്രവാസികൾ തയ്യാറാണ്. അനുമതി ലഭിച്ചാൽ സർവീസ് നടത്താൻ വിമാന കമ്പനികളും തയ്യാറാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അനുമതി നൽകാൻ ഡി.ജി.സി.എയ്ക്ക് നിർദ്ദേശം നൽകണമെന്നും എം.കെ.രാഘവൻ ആവശ്യപ്പെട്ടു.