കുറ്റ്യാടി: ലോക് ഡൗണിനിടയിലും മരുതോങ്കര ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ തുടക്കമിട്ട ഓൺലൈൻ വാർത്താപരിപാടിയായ 'കുട്ടീസ് ന്യൂസ്" സൂപ്പർ ഹിറ്റ്.

കൊവിഡ് പോരാട്ടത്തിൽ സ്‌കൂളുകൾ പൂട്ടിയെങ്കിലും കുട്ടികളെ വാർത്തയുടെ ലോകത്തേക്ക് നടത്താൻ അദ്ധ്യാപകരും രക്ഷാകർത്താക്കളും ഒത്തുപിടിച്ചപ്പോൾ 'കുട്ടീസ് ന്യൂസ്" പിറന്നു. മേയ് 12ന് ചതുർദിന വാർത്താ സംപ്രേഷണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഇൻഫർമേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഷാഹിദ് തിരുവള്ളൂരാണ്. പല ദിവസങ്ങളിലായി കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി, ഡോ. ഡി. സച്ചിത്ത്, ഡോ. ടി. സലിം, ഡോ. ജോൺസൺ എന്നിവർ സന്ദേശം നൽകി.

യുവപ്രതിഭകളായ ആര്യ ഗോപി, നവാസ് പാലേരി, സുധൻ കൈവേലി, ബിപിൻ ബാലൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി, വാർഡ് മെമ്പർ കെ.ടി. മുരളി എന്നിവർ ഇതിനകം വാർത്താപരിപാടിയിൽ പങ്കാളികളായി. മികച്ച കർഷകനും ഗായകനുമായ നാരായണൻ വാര്യർ, ഗോപിക, അഞ്ജന കാപ്പൻ, രേവതി, യുവ കവയിത്രി അനീന കാപ്പൻ, 'അമ്മയും കുഞ്ഞും" ക്വിസ് മത്സരത്തിസെ ജില്ലാതല വിജയി ധ്രുവികമോൾ എന്നിവരും കുട്ടീസ് ന്യൂസിൽ അതിഥികളായെത്തി.

ഒരു മാസത്തെ പരിശീലനമുണ്ടായിരുന്നു. എൽ.എസ്.എസ് മുന്നൊരുക്കം, മൂന്ന്, നാല് ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത അമ്മയും കുഞ്ഞും ക്വിസ് പ്രോഗ്രാം എന്നീ പരിപാടികളിലെ സജീവ പങ്കാളിത്തമാണ് തങ്ങൾക്ക് ആത്മവിശ്വാസം പകർന്നതെന്ന് പ്രധാനാദ്ധ്യാപകൻ എ. അബ്ദുറഹ്‌മാൻ പറഞ്ഞു. അദ്ധ്യാപകനും എഴുത്തുകാരനുമായ നവാസ് മൂന്നാംകൈ ഏകോപിപ്പിച്ച പരിപാടിയ്‌ക്ക് അദ്ധ്യാപകരായ ഷാന്റി ജോൺ, രജീഷ ഉണ്ണി, ജിജി, വിജിഷ, പി.ടി.എ പ്രസിഡന്റ് കെ.പി. ചന്ദ്രൻ, എസ്.എം.സി. ചെയർമാൻ നാരായണൻ എന്നിവരാണ് നേതൃത്വം നൽകിയത്.