കുറ്റ്യാടി: കടേക്കച്ചാൽ വളയന്നൂർ റോഡിലെ പുളത്തറ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്ന് സ്ഥാപിച്ച പൈപ്പാണ് നാല് ദിവസമായി പൊട്ടികിടക്കുന്നത്. കാലത്തും വൈകീട്ടും വെള്ളം വിതരണം ചെയ്യുന്ന സമയത്താണ് കുടിവെള്ളം പാഴാവുന്നത്. ഒരു നേരം ഒരു മണിക്കൂറിലധികം സമയം കുടിവെള്ളം പാഴാവുന്നതായി സമീപവാസികൾ പറയുന്നു. വെള്ളം ശക്തിയായി ചീറ്റുന്നതിനാൽ കാൽനടയാത്രയും ഇരുചക്ര വാഹനങ്ങളിൽ പോകുന്നതും ദുഷ്ക്കരമായിട്ടുണ്ട്. പൊട്ടിയ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.