img202005
കൊളക്കാടൻ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർത്ത നിലയിൽ

മുക്കം: പുതുക്കിയ ചാർജും സർക്കാർ നിർദ്ദേശവും അംഗീകരിച്ച് ബുധനാഴ്ച സർവീസ് തുടങ്ങിയ അഞ്ച് സ്വകാര്യ ബസ്സുകൾ അജ്ഞാതർ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രി നിറുത്തിയിട്ട ബസ്സുകളുടെ ചില്ലുകൾ പാടെ തകർക്കുകയായിരുന്നു അക്രമിസംഘം.

മുക്കം - കോഴിക്കോട് റൂട്ടിൽ സർവീസ് ആരംഭിച്ച കൊളക്കാടൻ ട്രാവൽസിന്റെ രണ്ടു ബസ്സുകൾ, മാവൂർ - കോഴിക്കോട് റൂട്ടിൽ ഓടുന്ന ബനാറസ് ട്രാവൽസിന്റെ രണ്ട് ബസുകൾ, മാവൂർ - അരീക്കോട് റൂട്ടിലോടുന്ന എം.എം.ആർ ബസ് എന്നിവയ്ക്കു നേരെയായിരുന്നു അക്രമം. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്.

സർക്കാർ പുതുക്കി നിശ്ചയിച്ച ചാർജ് അംഗീകരിച്ച് സർവീസ് നടത്തുന്നതിനെതിരെ ചിലർ ഭീഷണി ഉയർത്തിയിരുന്നതായി ബസ്സുടമകൾ പറഞ്ഞു. നിലവിലുള്ള ചാർജിനൊപ്പം പകുതി ചാർജ് കുടി ഈടാക്കി സർവീസ് നടത്താനാണ് സർക്കാർ നിർദ്ദേശം.എന്നാൽ ഇതു പോരെന്നും ഇരട്ടി ചാർജ് വേണമെന്നുമാണ് ബസ്സുടമകളുടെ സംഘടന ആവശ്യമുന്നയിക്കുന്നത്. മിനിമം ചാർജ് 20 രൂപയാക്കി ഉയർത്തണമെന്ന ആവശ്യമാണ് ഇവരുടേത്. അതേസമയം, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നഷ്ടം നോക്കാതെ സർക്കാർ നിർദ്ദേശപ്രകാരം സർവീസ് നടത്തുമെന്നു തന്നെയാണ് ഇപ്പോൾ അക്രമത്തിനിരയായ ബസ്സുകളുടെ ഉടമസ്ഥരുടെ നിലപാട്.