കോഴിക്കോട്: കൊവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ കഴിയുന്ന 24 പ്രവാസികൾ ഇന്ന് വീടുകളിലേക്ക് മടങ്ങും. ചാത്തമംഗലം എൻ.ഐ.ടി കാമ്പസ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹോസ്റ്റലിൽ കഴിയുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനിൽ കഴിയുന്ന രണ്ടു പേരുമാണ് 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി മടങ്ങുന്നത്. രാവിലെ 8 മണി മുതൽ സ്വന്തം വാഹനങ്ങളിലാണ് ഇവർ വീടുകളിലേക്ക് പോവുക.
ഈ മാസം 7ന് രാത്രി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ദുബയ് വിമാനത്തിലെ 26 പ്രവാസികളെ എട്ടാം തീയതി പുലർച്ചെയാണ് കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റിയത്. ഇതിൽ രോഗലക്ഷണമുള്ള ഒരാളെയും മറ്റ് അസുഖമുള്ള ഒരാളെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വീടുകളിലേക്ക് മടങ്ങുന്നവർ 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം. അടുത്തുള്ള പി.എച്ച്.സിയുമായി ബന്ധപ്പെട്ടാൽ നിരീക്ഷണം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകും. ഈ കാലയളവിൽ രോഗലക്ഷണങ്ങൾ കണ്ടാൽ സർക്കാർ ആശുപത്രിയിൽ ഫോൺ വഴി അറിയിച്ചാൽ ചികിത്സ ലഭിക്കും. രോഗലക്ഷണമുള്ളവർ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു. നിലവിൽ 352 പേരാണ് കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളത്.