സുൽത്താൻ ബത്തേരി: സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മാംസ വിൽപ്പന നിർത്തിവെക്കുകയും ഹോംഡെലിവറി മാത്രം അനുവദിക്കുകയും ചെയ്ത ബത്തേരി മാംസ മാർക്കറ്റിൽ പൊലീസ് കാവലിൽ ഇന്നലെ മാംസ വിൽപ്പന പുനരാംഭിച്ചു. മാംസ വിൽപ്പന നിർത്തിവെച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിന്മേലായിരുന്നു നടപടി. എന്നാൽ ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കി സാമൂഹിക അകലം പാലിച്ച് മാംസ വിൽപ്പന ഉറപ്പ് വരുത്താമെന്ന നഗരസഭയുടെ അപേക്ഷ പരിഗണിച്ചാണ് ഇന്നലെ മുതൽ വീണ്ടും വിൽപ്പന കർശന നിബന്ധനകളോടെ ആരംഭിച്ചത്.
ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച അപേക്ഷയിൽ കാണിച്ചതുപോലെ ഇന്നലെ മുതൽ മാർക്കറ്റിന്റെ മുൻവശം നോ പാർക്കിംഗ് ഏരിയയാക്കി മാറ്റി മാർക്കറ്റിന്റെ മുൻവശം റിബൺകെട്ടി തിരിച്ചു. നഗരസഭാ ജീവനക്കാരുടെ നേതൃത്വത്തിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. ഒരുസമയം സാമൂഹിക അകലം പാലിച്ച് രണ്ട് പേർക്കാണ് കടകളിൽ നിന്ന് ഇറച്ചി നൽകുന്നത്. ഇത് കർശനമായി നടപ്പിൽ വരുത്തുന്നതിന് പൊലീസ് കാവലും ഏർപ്പെടുത്തി. മാർക്കറ്റിൽ എത്തുന്നവർ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. മാസ്‌ക്ക് ഇല്ലാത്തവർക്ക് ഇറച്ചി നൽകുകയുമില്ല.

ഫോട്ടോ
823-നഗരസഭ ജീവനക്കാരുടെയും പൊലീസിന്റെയും കാവലിൽ മാംസ വിൽപ്പന

902-മാർക്കറ്റിന് മുൻവശം റിബൺ കെട്ടി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.