കൽപ്പറ്റ: നെറ്റ് സെർവർ തകരാറിലായത് കാരണം ഇപോസ് മെഷീൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങി.
വെള്ള കാർഡ് ലിസ്റ്റിൽ പെട്ടവർക്കുള്ള കിറ്റ് വിതരണത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ. മാനന്തവാടി താലൂക്കിൽ 13,713 കാർഡുകളും ബത്തേരി താലൂക്കിൽ 18,629, കാർഡും വൈത്തിരിതാലൂക്കിൽ 17,406 കാർഡുമടക്കം ജില്ലയിൽ 49,748 വെള്ള റേഷൻ കാർഡുകളാണുള്ളത്.
ഇതിൽ ഭൂരിഭാഗം റേഷൻ കാർഡ് ഉടമകളും വിതരണത്തിന്റെ
അവസാന ദിവസമായ ഇന്നലെയാണ് റേഷൻ ഷാപ്പുകളിൽ കിറ്റ് വാങ്ങാനെത്തിയത്.
രാവിലെ റേഷൻ കടകൾക്ക് മുൻപിൽ കാർഡുടമകളുടെ വലിയ ക്യൂ രൂപപ്പെട്ടു. കിറ്റ് വാങ്ങാനെത്തിയവർക്ക് പുറമെ റേഷൻ വാങ്ങാനെത്തിയവരും ക്യൂവിൽ ഉണ്ടാരുന്നു. എന്നാൽ രാവിലെ 11 മണിയോടെ സെർവർ തകരാറിലാവുകയും ഈ പോസ് മെഷീൻ പ്രവർത്തനരഹിതമാവുകയുമായിരുന്നു.
മണിക്കൂറുകളോളം ക്യൂവിൽ നിന്നവർ ഒടുവിൽ നിരാശയോടെ മടങ്ങി.
പൂർണ്ണമായും കണ്ടൈൻമെന്റ് സോണുകളായ പ്രഖ്യാപിച്ച മാനന്തവാടി മുനിസിപ്പാലിറ്റി, തിരുനെല്ലി, എടവക പഞ്ചായത്തുകളിലെയും, കുറഞ്ഞ വാർഡുകൾ കണ്ടൈൻമെന്റ് സോണുകളായിപ്രഖ്യാപിച്ച പനമരം, മീനങ്ങാടി, തവിഞ്ഞാൽ,നെൻമേനി പഞ്ചായത്തുകളിലേയും, ഉപഭോക്താക്കൾ ഏറെ ബുദ്ധിമുട്ടിയാണ് റേഷൻ കടകളിൽ എത്തിയത്. സ്വന്തമായി വാഹനമില്ലാത്തവർ കാൽനടയായും മറ്റും രാവിലെ റേഷൻ കടകളിൽ എത്തിയെങ്കിലും മണിക്കൂറുകളോളം കാത്തുനിന്ന് വെറുതെ മടങ്ങുകയായിരുന്നു.