kunnamangalam-news
കുന്ദമംഗലം ഉപജില്ല ഒരുക്കിയ 'സുഖിനോഭവന്ദു' ഓൺലൈൻ നൃത്താവിഷ്ക്കാരത്തിൽ നിന്ന്

കുന്ദമംഗലം: വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കുന്ദമംഗലം ഉപജില്ല ഒരുക്കിയ 'സുഖിനോഭവന്ദു' ഓൺലൈൻ നൃത്താവിഷ്ക്കാരം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടികളിലെ കൊവിഡ് കാല ആകുലതകൾ അകറ്റാൻ രാഗ-താള-ലയ ഭാവങ്ങളുടെ സമന്വയമാണ് നൃത്താവിഷ്ക്കാരമെന്ന് കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കുട്ടികൾ വീടുകളിൽ നിന്ന് ചെയ്യുന്ന നൃത്തം രക്ഷിതാക്കൾ മൊബൈലിൽ പകർത്തി അയക്കുകയായിരുന്നു. ഉപജില്ലയിലെ എച്ച്.എം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഈ നൃത്ത പരിപാടിയിൽ പതിനാറോളം സ്കൂളുകളിലെ പെൺകുട്ടികൾ പങ്കെടുത്തു. വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ, എച്ച്.എം ഫോറം സെക്രട്ടറി രാജേന്ദ്രൻ, എസ്.ജി.എം.എ.എൽ.പി.സ്കൂളിലെ പ്രധാനാദ്ധ്യാപിക രോഷ്മ എന്നിവരാണ് അണിയറ ശിൽപ്പികൾ. കുന്ദമംഗലം ഉപജില്ലയുടെ ഈ നൃത്ത സംരംഭം സോഷ്യൽ മീഡയയിൽ തരംഗമായതോടെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മിനി ഉൾപ്പെടെ നിരവധി പേർ ആശംസകളുമായി എത്തി.