വിനോദ് സവിധം എടച്ചേരി
എടച്ചേരി: എടച്ചേരി പഞ്ചായത്തിൽ രണ്ട് ബോട്ട് ജെട്ടി ടെർമിനലുകൾക്ക് ഭരണാനുമതിയായി. ഇരിങ്ങണ്ണൂരിനടുത്ത് കായപ്പനച്ചി, കച്ചേരി എന്നിവിടങ്ങളിലാണ് ടെർമിനലുകൾ വരുന്നത്. മാഹിപ്പുഴയുടെ ഇടതു കരയിലായി വരുന്ന രണ്ട് ബോട്ട് ജെട്ടികൾക്കും ഉൾനാടൻ ജലഗതാഗത വകുപ്പിൽ നിന്നാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
എടച്ചേരി പഞ്ചായത്തിലെ കച്ചേരിയിൽ 83 ലക്ഷവും കായപ്പനച്ചിയിൽ 131 ലക്ഷം രൂപയുടെയും പദ്ധതിക്കാണ് അംഗീകാരമായത്. കണ്ണൂർ-കാസർകോട് ജില്ലകളിലെ വിവിധ നദികളെ ബന്ധിപ്പിച്ച് വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന മലനാട് മലബാർ ക്രൂയ്‌സ് ടൂറിസം പദ്ധതിയുടെ പ്രയോജനം കോഴിക്കോട് ജില്ലയ്ക്കും ലഭിക്കും. ന്യൂ മാഹി പുഴയിൽ നിന്ന് കായപ്പനച്ചി വരെ
രണ്ട് ബോട്ട് ജെട്ടികൾ കൂടാതെ ആറ് ജെട്ടികൾ കൂടി വരും. വടകര -മാഹി കനാലിലൂടെ യാത്ര സാധ്യമാകുന്നതോടെ ഇരിങ്ങൽ സർഗാലയ, കുഞ്ഞാലി മരക്കാർ മ്യൂസിയം തുടങ്ങി ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ജലയാത്ര സാധ്യമാകും.
എടച്ചേരി പഞ്ചായത്തിലെ തുരുത്തി, കായപ്പനച്ചി, കല്ലാച്ചേരി കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന മാഹി പുഴയുടെ സാധ്യത ഉപയോഗപ്പെടുത്തി എടച്ചേരി പഞ്ചായത്തിൽ ജലഗതാഗത ടൂറിസം വളർത്തുകയെന്നത് ഇ.കെ.വിജയൻ എം.എൽ.എയുടെ പ്രത്യേക താൽപര്യമായിരുന്നു. സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുമെന്ന് നാദാപുരം എം.എൽ.എ ഇ.കെ.വിജയൻ അറിയിച്ചു.