കോഴിക്കോട്: ഓപ്പറേഷൻ മിൽക്കിവേയുടെ ഭാഗമായി ജില്ലയിൽ നിലവിൽ ലഭ്യമായ 13 ബ്രാൻഡ് പാലിന്റെ സാമ്പിൾ റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. സിറ്റി,​ കൊടുവള്ളി,​ വടകര മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു മൂന്ന് സ്‌ക്വാഡുകളുടെ സാമ്പിൾ ശേഖരണം. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദ്ദേശപ്രകാരം പാലിനു പുറമെ പഴം, പച്ചക്കറി, ഓയിൽ, കുടിവെള്ളം എന്നിവയുടെ പരിശോധനയുമുണ്ട്.

ഡോ. ജോസഫ് കുര്യാക്കോസ്, ഡോ. രഞ്ജിത്ത് ഗോപി ,ഡോ. വിഷ്ണു എസ് ഷാജി, ഡോ. ജിതിൻ രാജ് ,ഡോ. അനു എ.പി, രേഷ്മ ടി, ഡോ. സനിന മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. എഫ്.എസ്.എസ്.എ.ഐ യുടെ നിർദ്ദേശപ്രകാരം കാത്സ്യം കാർബൈഡ് പഴങ്ങളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ ടോൾ ഫ്രീ നമ്പറായ 1800 425 1125 എന്ന നമ്പറിലോ 0495 2720244 എന്ന ജില്ലാ ഓഫീസ് നമ്പറിലോ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എം.ടി.ബേബിച്ചൻ അഭ്യർത്ഥിച്ചു.