 നാലു പേർക്ക് രോഗലക്ഷണം

കോഴിക്കോട്: മസ്‌കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസിൽ വന്ന 186 പേരിൽ 8 പേരെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം സ്വദേശികളായ നാലു പേർക്കാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു ആരോഗ്യ പ്രശ്‌നങ്ങളുളള പാലക്കാട്, തൃശൂർ സ്വദേശികളായ രണ്ടു പേരെ കൂടി മഞ്ചേരിയിലേക്ക് മാറ്റി. കാസർകോട്, കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

വന്നെത്തിയവരിൽ 62 പേർ കോഴിക്കോട് സ്വദേശികളാണ്. പത്തനംതിട്ടയൊഴികെ മറ്റു 13 ജില്ലകളിൽ നിന്നായി 184 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് ഇവിടെ വന്നിറങ്ങിയത്. കൂട്ടത്തിൽ 31 ഗർഭിണികളുണ്ട്. 65 ന് മുകളിൽ പ്രായമുള്ളവർ 8 പേർ. 10 വയസിനു താഴെയുള്ളവർ 36 പേരും.

കൊവിഡ് കെയർ

സെന്ററിൽ 68 പേർ

പ്രവാസികളിൽ 68 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി. കോഴിക്കോട് 25, മലപ്പുറം 18, എറണാകുളം 1, കണ്ണൂർ 7, കൊല്ലം 3, കോട്ടയം 2, പാലക്കാട് 7, തിരുവനന്തപുരം 2, വയനാട് 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഒരു മാഹി സ്വദേശിയെയും കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി.

പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 110 പേരെ സ്വന്തം വീടുകളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോഴിക്കോട്ടുകാരായ 36 പേരാണ് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.

കൂടുതൽ മലപ്പുറത്തുകാർ

മലപ്പുറം 64

കോഴിക്കോട് 62

പാലക്കാട് 24

കണ്ണൂർ 14

കൊല്ലം 3

എറണാകുളം 3

തൃശൂർ 3

വയനാട് 3

തിരുവനന്തപുരം 2

കോട്ടയം 2

കാസർകോട് 2

ആലപ്പുഴ 1

ഇടുക്കി 1