കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ഇൻഫ്രാറെഡ് വാക്ക് ത്രൂ തെർമൽ സ്‌കാനർ ഉടൻ സ്ഥാപിക്കും. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിലും തെർമൽ സ്‌കാനറുകൾ സ്ഥാപിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഇത് നേരത്തെ സ്ഥാപിച്ചിരുന്നു. അതേസമയം, വാക്ക് ത്രൂ തെർമ്മൽ സ്‌കാനർ എത്തുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സ്റ്റേഷനാണ് കോഴിക്കോട്.
കാമറയിൽ മുഖത്തിനൊപ്പം
കാണാം ഊഷ്മാവ് കൂടി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഒന്നിൽ കൂടുതൽ ആളുകളുടെ ശരീരോഷ്മാവ് ഒരേ സമയം പരിശോധിക്കുന്ന സംവിധാനമാണ് വാക്ക് ത്രൂ തെർമൽ സ്‌കാനർ. മൂന്ന് മീറ്റർ ചുറ്റളവിൽ 10 പേരുടെ വരെ ശരീരോഷ്മാവ് വേർതിരിച്ച് കാണാനാകും. ഓരോ മുഖവും കാമറയിൽ പ്രത്യേകം ചിത്രീകരിക്കും.
സ്‌പർശിക്കാതെ ശരീരോഷ്മാവ് കണ്ടെത്തുന്നതിനാണ് ഇൻഫ്രാറെഡ് കാമറ ഉപയോഗിക്കുന്നത്. ആളുകൾ 3.2 മീറ്റർ അകലെ എത്തുമ്പോൾ തന്നെ മുഖത്തിന്റെ പടവും ഊഷ്മാവും ലഭിച്ചിരിക്കും. താപവ്യതിയാനമുള്ളവരെ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് തുടർപരിശോധനകൾക്ക് വിധേയരാക്കും.
പണിയാകുന്ന പനി
മെഷീനിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്‌റ്റ്‌വെയർ ശരീരോഷ്മാവ് സാധാരണ നിലയിലുള്ളവരുടേയും വ്യതിയാനമുള്ളവരുടേയും ചിത്രം പകർത്തും. ഉപകരണത്തിലൂടെ പോകുന്നവരുടെ എണ്ണവും തിട്ടപ്പെടുത്തും. മറ്റ് താപനില കൂടിയവരെ തിരിച്ചഞ്ഞാൽ കൂട്ടത്തിൽ നിന്ന് മാറ്റും. ഇത്തരക്കാരെ കണ്ടുപിടിച്ചാലുടൻ ഉപകരണം ശബ്ദ മുന്നറിയിപ്പും നൽകും.
'കൊവിഡ് വ്യാപന കാലത്ത് എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും പ്രധാന ഓഫീസുകളിലും വരുന്ന ഓരോരുത്തരുടേയും ശരീരോഷ്മാവ് പ്രത്യേകം ടെസ്റ്റ് ചെയ്യുന്നതിന് സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. ഇത് പരിഹരിക്കാനാണ് നൂതന സാങ്കേതികവിദ്യയുള്ള തെർമ്മൽ സ്‌കാനറുകൾ സ്ഥാപിക്കുന്നത്".
- കെ.കെ. ശൈലജ,
ആരോഗ്യമന്ത്രി