കോഴിക്കോട്: രണ്ടാഴ്ചത്തെ നിരീക്ഷണം പൂർത്തിയാക്കിയ 22 പ്രവാസികൾ വീടുകളിലേക്ക് മടങ്ങി. ഇവർ 14 ദിവസം വീട്ടിലും നിരീക്ഷണത്തിലായിരിക്കും.
ചാത്തമംഗലം എൻ.ഐ.ടി കാമ്പസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ് ഇന്നലെ വീടുകളിലേക്ക് തിരിച്ചത്. മേയ് 7ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ആദ്യഫ്ളൈറ്റിലെ 26 പ്രവാസികളെ എട്ടിന് പുലർച്ചെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായിരുന്നു. ഇതിലുൾപ്പെട്ട 22 പേരാണ് വീടുകളിലേക്ക് മടങ്ങിയത്.
കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരെ കൊണ്ടുപോകാൻ എത്തുന്നവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നേരത്തെ തന്നെ അധികൃതർ നൽകിയിരുന്നു. ഓരോരുത്തരെയും കൊണ്ടുപോകാൻ രാവിലെ മുതൽ എത്തിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെയും വാഹനത്തിന്റെയും വിവരങ്ങൾ സന്നദ്ധപ്രവർത്തകർ രജിസ്റ്ററിൽ രേഖപ്പെടുത്തി. ഒരു വാഹനം നീങ്ങിക്കഴിഞ്ഞ ശേഷമാണ് മറ്റൊരാളെ പുറത്തിറക്കിയത്.
വീട്ടിലെ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം അടുത്തുള്ള പി.എച്ച്.സി യുമായി ബന്ധപ്പെട്ടാൽ സർട്ടിഫിക്കറ്റ് നൽകും. വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫോൺ വഴി വീട്ടുകാരെ വിളിച്ച് അറിയിച്ചതായി ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു. പ്രവാസികൾ എത്തുന്ന വിവരം അതാത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ അറിയിച്ചിട്ടുമുണ്ട്. വീടുകളിലും നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നതിനാൽ കൊവിഡ് കെയർ സെന്ററിൽ കഴിഞ്ഞപ്പോൾ ഉപയോഗിച്ചിരുന്ന ബക്കറ്റ്, മഗ് തുടങ്ങിയ സാധനങ്ങൾ വീടുകളിലേക്ക് മടങ്ങിയ പ്രവാസികൾക്ക് നൽകി. ഇവർ ഉപയോഗിച്ച ബെഡ് മാറ്റിയിടും. പ്രവാസികൾ മടങ്ങി 24 മണിക്കൂറിന് ശേഷം ഫയർ ഫോഴ്‌സുകാരുടെ സഹായത്തോടെ ഇവർ കഴിഞ്ഞിരുന്ന മുറിയുൾപ്പെടെ അണുവിമുക്തമാക്കും.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് മാനസികപിന്തുണ നൽകുന്നതിനുള്ള സൗകര്യം സെന്ററിൽ ഏർപ്പെടുത്തിയിരുന്നു. ബി.എസ്.എൻ.എൽ സിം കാർഡ് നൽകി. റമദാൻ നോമ്പെടുക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കി. സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് അത് എത്തിച്ചു. സെന്ററിൽ 24 മണിക്കൂറും ഡോക്ടറുടെയും നഴ്‌സിന്റെയും സേവനവും ലഭ്യമായിരുന്നു. ആറു വളണ്ടിയർമാരാണുള്ളത് സെന്ററിൽ. പുറത്ത് ആരോഗ്യ പ്രവർത്തകരും മുപ്പതിലധികം വളണ്ടിയർമാരും,
ചാത്തമംഗലം പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.പി.എസ്. സുനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി. സുരേന്ദ്രൻ, ക്യാമ്പ് ചാർജ് ഓഫീസർ കെ.സി. ഹാഷിദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.എസ്. ഹൃത്വിക്, എൻ.പി. അഭിമന്യു, വി.വി. കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പ്രവാസികളെ യാത്രയാക്കുന്നതിനുള്ള നടപടികൾ നിയന്ത്രിച്ചു.