car

മഞ്ചേരി: ലോക്ക് ‌ഡൗൺ കാലത്ത് 3500 രൂപയ്ക്ക് സ്വന്തമായി ഒരു കാർ മൂന്നുദിവസം കൊണ്ട് നിർമ്മിച്ചിരിക്കുകയാണ് പുല്ലൂരിലെ 15കാരൻ കുഞ്ഞാറ്റിൻകര ജിജിൻ. ബോഡി രൂപകൽപ്പന പൂർത്തിയായിട്ടില്ലെങ്കിലും പെട്രോൾ ഉപയോഗിച്ച് അനായാസം ഓടിക്കാം. പരിസരത്ത് നടത്തിയ ട്രയലിൽ ചീറിപ്പായുന്ന കാർ കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാരടക്കമുള്ളവർ.
മഞ്ചേരി ഗവ. ടെക്നിക്കൽ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ ജിജിൻ ലോക്ക് ഡൗണിലെ വിരസത മാറ്റാനാണ് കാർ നിർമ്മാണം തുടങ്ങിയത്. നേരത്തെ സ്‌കൂളിലെ സയൻസ് ഫെയറിൽ കാറൊരുക്കിയതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു. ഓട്ടോറിക്ഷയുടെ എൻജിനാണ് ഉപയോഗിച്ചത്. ഗിയർ സിസ്റ്റവും ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററുമെല്ലാമുള്ള കാർ അതിവേഗം റെഡിയായി. ഒരു സീറ്റും ഘടിപ്പിച്ചു. എല്ലാം സ്വന്തമായി നിർമ്മിച്ചവ. പൊളിമാർക്കറ്റിൽ നിന്നാണ് ആവശ്യമായ സാമഗ്രികൾ സംഘടിപ്പിച്ചത്. കാറിന്റെ ചേസിസ് സ്വന്തമായി വെൽഡ് ചെയ്തുണ്ടാക്കി. പരീക്ഷ കഴിഞ്ഞാലുടൻ കാറിന് ബോഡി ഫിറ്റ് ചെയ്യാനാണ് തീരുമാനം. അതിനുശേഷം അദ്ധ്യാപകരുമായി ആലോചിച്ച് കാർ നിരത്തിലിറക്കാനുള്ള സാദ്ധ്യതകൾ ആരായും. മൊത്തം പണി പൂർത്തിയായ ശേഷമേ കൃത്യമായ മൈലേജ് പറയാൻ പറ്റൂ.

നിലവിൽ മുന്നിൽ ഒരു സീറ്റാണ് ഘടിപ്പിച്ചിട്ടുള്ളത്. പിറകിൽ മൂന്നുപേർക്കിരിക്കാനുള്ള സൗകര്യമുണ്ട്.
നിർമ്മാണത്തൊഴിലാളിയായ സുനിൽ കുമാറിന്റെയും അജിതയുടെയും മകനാണ് ജിജിൻ. കാർ നിർമ്മാണത്തിന് അച്ഛനമ്മമാരും സഹോദരി അലീഷയും പൂർണ്ണ പിന്തുണയുമായുണ്ടായിരുന്നു. ഒപ്പം അദ്ധ്യാപകരും സുഹൃത്തുക്കളും.