1

കോഴിക്കോട്: ആശ്വാസദിനത്തിനു പിറകെ കൊവിഡിന്റെ പ്രഹരം വീണ്ടും. ഇതുവരെയില്ലാത്ത വിധം ഒറ്റദിവസം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത് അഞ്ചു പേർക്ക്. ആരോഗ്യ പ്രവർത്തകനാണ് ഇതിലൊരാൾ.

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായ 39 കാരൻ വടകര താഴെയങ്ങാടി സ്വദേശിയാണ്. രോഗലക്ഷണങ്ങൾ കണ്ടതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മേയ് ഏഴിന് രാത്രി അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന അരിക്കുളം സ്വദേശിയായ 55 കാരന് രോഗബാധ സ്ഥിരീകരിച്ചത് 18ന് എടുത്ത സ്രവസാമ്പിൾ പരിശോധനയിലായിരുന്നു. ഇദ്ദേഹം ഇപ്പോൾ കോഴിക്കോട്ടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലാണ്.
രോഗം ബാധിച്ച മറ്റൊരു പ്രവാസി കുവൈറ്റിൽ നിന്നു മേയ് 13 ന് കരിപ്പൂർ വഴി എത്തിയതായിരുന്നു. തിക്കോടി സ്വദേശിയായ 46-കാരൻ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 21ന് പരിശോധനയ്ക്കെടുത്ത സ്രവ സാമ്പിളാണ് പോസിറ്റീവായി കണ്ടെത്തിയത്. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ട്രീറ്റ്‌മെന്റ് സെന്ററിലാണിപ്പോൾ.

മേയ് 20 ന് കുവൈറ്റിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയവരിൽ കോഴിക്കോട് കോർപ്പറേഷൻ ചാലപ്പുറം സ്വദേശിയായ 42-കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇദ്ദേഹത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുവൈറ്റിൽ നിന്ന് എത്തിയ അഴിയൂർ സ്വദേശിയായ 32 കാരനും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ ഉൾപ്പെടും. മേയ് 20 ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

1 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 2 പേർ

2. കണ്ണൂർ മെഡിക്കൽ കോളേജിൽ 2 പേർ