കൽപ്പറ്റ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൽപ്പറ്റ സ്വദേശിനിയായ 53 കാരിയെ ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് 20 ന് ദുബായിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തിൽ എത്തിയ ഇവർ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നാണ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 11 പേർ ഉൾപ്പെടെ 17 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ഇന്നലെ 404 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. ജില്ലയിൽ ആകെ 3450 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 1397 പേർ കോവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1499 സാമ്പിളുകളിൽ 1282 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1259 എണ്ണം നെഗറ്റീവാണ്. വെളളിയാഴ്ച്ച അയച്ച 37 സാമ്പിളുകളുടെ പരിശോധനാ ഫലം ഉൾപ്പെടെ 210 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്. വെളളിയാഴ്ച്ച അയച്ച 37 സാമ്പിളുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 4 പേരുടെ സാമ്പിളുകൾ ഉൾപ്പെടുന്നു.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 1571 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ 1344 എണ്ണത്തിന്റെ ഫലം ലഭിച്ചതിൽ 1344 ഉം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 567 പേർക്ക് കൗൺസലിംഗും നൽകിയിട്ടുണ്ട്.