വടകര: എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി പരീക്ഷകൾ തുടങ്ങാനിരിക്കെ അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആവശ്യമായ ക്രമീകരണം ഒരുക്കാൻ പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി. സ്കൂളുകളുടെ ശുചിത്വം, പരിസര ശുചിത്വം, കൊവിഡ്-19 പ്രോട്ടോകോൾ എന്നിവ ഉറപ്പുവരുത്തും. സന്നദ്ധ വളണ്ടിയർമാരുടെ സഹകരണത്തോടെ സ്കൂൾ പരിസരം വൃത്തിയാക്കും. കുട്ടികളുടെ തെർമൽ പരിശോധന, സാനിറ്റൈസർ, ഹാൻഡ് വാഷ് സൗകര്യം എന്നിവ ഏർപ്പെടുത്തും. പരീക്ഷയ്ക്കെത്തുന്ന കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പ് വരുത്താൻ അഴിയൂർ ചെക്ക് പോസ്റ്റിൽ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം നിയമിക്കും. വടകര അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹായത്തോടെ സ്കൂൾ അണുനശീകരണം നടത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, അഴിയൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.എം.ഗീത , പ്രധാനാദ്ധ്യാപകൻ ടി.ടി.കെ ഭരതൻ എന്നിവർ പ്രസംഗിച്ചു.