കോഴിക്കോട്: ജില്ലയിൽ പുതുതായി 537 പേർ കൂടി കൊവിഡ് നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 5735 ആയി ഉയർന്നു.

ഇതുവരെ 25,940 പേർ നിരീക്ഷണം പൂർത്തിയാക്കിയാക്കി. ഇന്നലെ പ്രവേശിപ്പിക്കപ്പെട്ട 33 പേർ ഉൾപ്പെടെ 70 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 49 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും 21 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. പത്ത് പേർ മെഡിക്കൽ കോളേജിൽ നിന്നു ഡിസ്ചാർജ്ജായി.

ഇന്നലെ 197 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ആകെ 3,408 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 3,227 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 3,182 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 181 എണ്ണത്തിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.

പ്രവാസികളായ 889 പേരാണ് നിരീക്ഷണത്തിലുള്ളത്. 372 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററിലും 504 പേർ വീടുകളിലുമാണ്. 13 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 113 പേർ ഗർഭിണികളാണ്.

ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്ന് ബ്ലോക്ക്തല പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

മാനസികസംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 14 പേരെ ഇന്നലെ കൗൺസലിംഗിന് വിധേയരാക്കി. 149 പേർക്ക് ഫോണിലൂടെ സേവനം നൽകി. ഇന്നലെ ജില്ലയിൽ 1879 സന്നദ്ധസേന പ്രവർത്തകർ 7320 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.