കോഴിക്കോട്: ഗൈനക്കോളജിസ്റ്റിന്റെ സേവനം രോഗിയുടെ വീട്ടിൽ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ തുടക്കം. രാജ്യത്ത് ഈ ദിശയിലുള്ള കാൽവെപ്പ് ഇതാദ്യമാണെന്ന് ആസ്റ്റർ മാനേജ്മെന്റ് അവകാശപ്പെടുന്നു.
ആരോഗ്യ സേവന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട വിദേശരാജ്യങ്ങളുടെ പാതയിലേക്ക് ആസ്റ്റർ മോം അറ്റ് ഹോമിലൂടെ ആസ്റ്റർ മിംസും കടന്നിരിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ നിർബന്ധമായും ആശുപത്രികളിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടവരാണ് ഗർഭിണികൾ. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇതിനു കഴിയാത്ത സാഹചര്യത്തിലാണ് നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചതെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.റഷീദ ബീഗം പറഞ്ഞു.
ഗർഭാവസ്ഥയുടെ പ്രാരംഭഘട്ടം മുതൽ പ്രസവത്തിന് തൊട്ട് മുൻപിലുള്ള അവസ്ഥകളിൽ ആവശ്യമായ ചികിത്സ വരെ ആസ്റ്റർ മോം അറ്റ് ഹോം പദ്ധതിയിലൂടെ ലഭ്യമാകും. ഡോക്ടറുടെ സേവനത്തിന് പുറമെ ഇഞ്ചക്ഷൻ, മരുന്നുകൾ, സ്‌കാനിംഗ് ഒഴികെയുള്ള ലാബ് പരിശോധനകൾ എന്നിവയും ലഭ്യമാക്കും. ഇതിന് പുറമെ ഗർഭിണികൾക്ക് ആവശ്യമായ യോഗ പരിശീലനം, മ്യൂസിക് തെറാപ്പി, ഡയറ്റ് നിർദ്ദേശങ്ങൾ, വ്യായാമ മുറകൾ, നിയോനറ്റോളജി ക്ലാസ്സുകൾ, ഗൈനക്കോളജി ക്ലാസ്സുകൾ, കുക്കിംഗ് ക്ലാസ്സുകൾ എന്നിവ ഓൺലൈനായി ലഭ്യമാക്കുന്ന ആസ്റ്റർ നർച്ചർ പദ്ധതി, അത്യാഹിത സന്ദർഭങ്ങളിൽ ഗർഭിണികൾക്ക് അടിയന്തരസേവനം ലഭ്യമാക്കാനും വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാനും സാധിക്കുന്ന ഒബ്സ്റ്റട്രിക്‌സ് എമർജൻസി റെസ്‌പോൺസ് ടീമിനും രൂപം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ (8606234234, 815788511) ബന്ധപ്പെടാം.