കോഴിക്കോട്: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്കുകളും സുരക്ഷാ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിക്കുമെന്ന് സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എ.കെ. അബ്ദുൾ ഹക്കീം അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ് സമിതികൾ വഴിയാണ് ഇവ വീട്ടിലെത്തിക്കുക. കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ സഹായവും തേടും.

കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ മാസ്ക് നൽകാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കുന്ന മാർഗനിർദ്ദേശങ്ങൾ വീട്ടിലെത്തിക്കാൻ സർക്കാർ നിർദ്ദേശിച്ചതോടെ മാസ്കുകളും വീട്ടിലെത്തിക്കാൻ തീരുമാനിച്ചു.

പരീക്ഷാ ദിവസങ്ങളിൽ സ്‌കൂൾ കവാടത്തിൽ സാനിറ്റൈസർ നൽകാനും കുട്ടികൾ കൂട്ടം കൂടി നിൽക്കാതിരിക്കാനും എസ്.എസ്.കെ ജീവനക്കാരെ ചുമതലപ്പെടുത്തി. ട്രെയിനർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ, റിസോഴ്‌സ് അദ്ധ്യാപകർ എന്നിവർക്കാണ് സ്‌കൂളുകളിൽ ചുമതല.

പരീക്ഷാ മേൽനോട്ട ചുമതലകളുമായി ജില്ലയിലെത്തിയ അഡീഷണൽ പ്രോജക്ട് ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ജില്ലാ ഉദ്യോഗസ്ഥരുമായി ഒരുക്കങ്ങൾ ചർച്ച ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി. മിനി, ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എ.കെ. അബ്ദുൾ ഹക്കീം, പ്രോഗ്രാം ഓഫീസർമാരായ വി. വസീഫ്, സജീഷ് നാരായണൻ, ഡോ. എ.കെ. അനിൽകുമാർ, കോഴിക്കോട് ഡി.ഇ.ഒ രമേശൻ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു. ബി.പി.സിമാർ പങ്കെടുത്ത വീഡിയോ കോൺഫറൻസും നടന്നു.